// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  09, 2020   Sunday   09:10:49am

news



whatsapp

ദോഹ: ദോഹ നഗരത്തെ ഒരു രാത്രി മുഴുവന്‍ പരിഭ്രാന്തിയിലാക്കി രൂക്ഷമായ കരിഞ്ഞ വാസന. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ശക്തമായ കരിഞ്ഞ മണം പരന്നത്. നേരിയ പുകയും ഉയര്‍ന്നിരുന്നു. ഇത് അര്‍ദ്ധരാത്രി വരെ നീണ്ടുനിന്നു.

മതാര്‍ ഖദീം, ഓള്‍ഡ് സലത്ത എന്നിവിടങ്ങളിലെല്ലാം ശക്തമായ ഗന്ധം അനുഭവപ്പെട്ടു. സ്വന്തം കെട്ടിടത്തിനോ സമീപ കെട്ടിടത്തിനോ തീ പിടിച്ചെന്ന് കരുതി പല ദോഹ നിവാസികളും പരിഭ്രാന്തിയിലാകുകയും പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍, തീയൊന്നും കാണാന്‍ സാധിക്കാതിരിക്കുകയും പുകയും ഗന്ധവും തുടര്‍ന്നും അനുഭവപ്പെടുകയും ചെയ്തതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്.

കരിഞ്ഞ ഗന്ധത്തിന്റെയും പുകയുടെയും ഉറവിടം തേടി സാമൂഹിക മാധ്യമങ്ങളും സജീവമായിരുന്നു. ദോഹയില്‍ താമസിക്കുന്ന ഒരാള്‍ വാഹനത്തില്‍ ചുറ്റിയടിച്ച് ഫേസ്ബുക്ക് ലൈവ് ചെയ്തത് നിമിഷങ്ങള്‍ക്കകം വൈറലായി.

അതേസമയം, ജനങ്ങളെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കിയ കരിഞ്ഞ മണം ഉണ്ടായത് അല്‍ അഫ്ജ പ്രദേശത്തെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതിനാലാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ അഫ്ജ പ്രദേശത്തെ മാലിന്യ കൂമ്പാരത്തിലുണ്ടായ തീപ്പിടുത്തം സിവില്‍ ഡിഫന്‍സ് അണച്ചിട്ടുണ്ട്. ആര്‍ക്കും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.