കരിപ്പൂരിന്റെ ചിറകരിയാന്‍ വിമാനാപകടത്തെയും കരുവാക്കി ഇരുട്ടിന്റെ ശക്തികള്‍

ഈയുഗം ന്യൂസ് ബ്യൂറോ     August  08, 2020   Saturday   11:41:41am

newswhatsapp

കോഴിക്കോട്: കേരളത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടം കരിപ്പൂരില്‍ സംഭവിച്ചതിന്റെ നടുക്കത്തില്‍ നിന്ന് മലയാളികള്‍ മോചിതരായിട്ടില്ല. പ്രത്യേകിച്ച്, ജീവിതസന്ധാരണത്തിന് പുറംനാടുകളിലെ അവലംബിക്കുന്ന മലയാളി ജനതയുടെ മനസ്സുകളില്‍ തീ കോരിയിടുന്നതാണ് ഓരോ വിമാനാപകടവും. അത് സ്വന്തം നാട്ടില്‍ വെച്ചുതന്നെയാകുമ്പോള്‍ അതിന്റെ ആഴം വര്‍ദ്ധിക്കും.

ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിംഗ് 737- 800 വിമാനം വെള്ളിയാഴ്ച രാത്രിയാണ് ലാന്‍ഡിംഗിനിടെ റണ്‍വേ കടന്ന് താഴ്ചയിലേക്ക് ഇറങ്ങി ചുറ്റുമതില്‍ തകര്‍ത്ത് പുറത്തെ റോഡിലെത്തിയത്. ഇടിയുടെ ആഘാതത്തില്‍ വിമാനം പിളരുകയും ചെയ്തു. പൈലറ്റുമാരടക്കം 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കോവിഡ് ഭീതിക്കിടയിലും രക്ഷാപ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് രംഗത്തിറങ്ങിയ കൊണ്ടോട്ടിയിലെയും പരിസരപ്രദേശത്തെയും നിവാസികള്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍, അപകടം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ ദുരന്തത്തെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചില ലോബികളുടെ വക്താക്കള്‍. ഡി. ജി. സി. എ. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ റിപ്പോര്‍ട്ടൊന്നും വരുന്നതിന് മുമ്പ് ജഡ്ജിമാരായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണുള്ളത്.

അപകടത്തിന്റെ കാരണം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സവിശേഷതയായ ടേബിള്‍ ടോപ്പ് അഥവ, മേശപ്പുറത്തിന്റെ ആകൃതിയിലുള്ള റണ്‍വേയാണെന്നും അതിനാല്‍ യാത്രാവിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോജ്യമല്ലെന്നുമാണ് സ്വകാര്യ ലോബികളുടെ വാദം. എന്നാല്‍, വ്യോമയാന മേഖലയിലെ വിദഗ്ധരും കരിപ്പൂര്‍ വിമാനത്താവളത്തിനെ സംബന്ധിച്ച് ഏറെ പഠിച്ചവരും ടേബിള്‍ ടോപ്പോ വിമാനത്താവളത്തിന്റെ മറ്റെന്തെങ്കിലും പോരായ്മകളോ അല്ല അപകടകാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

"വിമാന അപകടങ്ങളില്‍ 99 ശതമാനവും നടക്കുന്നത് ടേബിള്‍ ടോപ്‌ റണ്‍വേയുള്ള എയര്‍പോര്‍ട്ടുകളില്‍ അല്ല. കരിപ്പൂരിനെ തകര്‍ക്കാന്‍ പല ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നാല് വിമാനത്താവളങ്ങളില്‍ പൂര്‍ണ്ണമായും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടാത്ത എയര്‍പോര്‍ട്ട് കരിപ്പൂര്‍ മാത്രമാണ്. മാത്രമല്ല ഉദ്യോഗസ്ഥ ലോബികള്‍ എന്നും കരിപ്പുരിനു എതിരായിരുന്നു. ഇന്നലത്തെ അപകടം കരുവാക്കി കരിപ്പുരിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എല്ലാ പ്രവാസികളും നാട്ടുകാരും ഇതിനെതിരെ ജാഗരൂകരായിരിക്കണം," ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കോഴിക്കോട് എയര്‍പോര്‍ട്ട് സംബന്ധമായ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന അബ്ദുല്‍ റഉഫ് കൊണ്ടോട്ടി ഈയുഗത്തോട് പറഞ്ഞു.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ അനുവദിക്കുന്നതിന് ഏറെ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ പ്രസിഡണ്ട് കെ.എം.ബഷീര്‍ പറയുന്നത് ഇങ്ങനെ: ''കരിപ്പൂരിന്റെ റണ്‍വേ ശക്തവും സാങ്കേതിക മികവുള്ളതുമാണ്. വിമാനപകടത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടന്നാല്‍ എല്ലാം വ്യക്തമാകും. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് അപകടത്തിന് രണ്ട് പ്രധാന കാരണങ്ങളാണ് ഞാന്‍ ചൂണ്ടികാണിക്കുന്നത്. വിമാനത്തിന്റെ യന്ത്ര തകരാറോ പൈലറ്റിന്റെ കൈ പിഴവോ ആയിരിക്കാം കാരണം. ലാന്റിങ്ങിന് മുമ്പെ വലിയ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറയുന്നു. വിമാനം കരിപ്പൂരിന് മുകളിലൂടെ നിരവധി തവണ പറന്നു ഇന്ധനം തീര്‍ത്തു. എന്തോ ദുരന്തം മുന്‍കൂട്ടി കണ്ടിട്ടാവാം പൈലറ്റ് ഇങ്ങിനെ ചെയ്തത്. വിമാനത്താവളത്തിന്റെ റണ്‍വേക്ക് തിരക്കില്ല. ലാന്റിങ്ങിനോ സ്ലോട്ടിനോ കാത്തിരിക്കാതെ ലാന്റ് ചെയ്യാവുന്ന സാഹചര്യത്തില്‍ ഇന്ന് നടന്ന ദുരന്തം ടേബിള്‍ ടോപ്പാണെന്ന് ദുഷ്പ്രചാരണം നടത്തുന്നവര്‍ സ്വകാര്യ ലോബിയുടെ ഏജന്റുമാരാണ്." സമാനമായ അപകടങ്ങള്‍ ടേബിള്‍ ടോപ്പായാലും ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായാലും സംഭവിക്കും.

കരിപ്പൂരില്‍ തകര്‍ന്ന വിമാനം കോഡ് ഇ യില്‍ പെട്ട വിമാനമാണ്. കേവലം 1800 മീറ്റര്‍ റണ്‍വേ യില്‍ ലാന്റ് ചെയ്യുവാന്‍ കഴിയുന്ന തകര്‍ന്ന വിമാനം 2700 മീറ്റര്‍ നീളമുള്ള റണ്‍വേയുള്ള കരിപ്പൂരിലാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം കരിപ്പൂര്‍ ടാബിള്‍ ടോപ്പായത് കൊണ്ടാണെന്ന് കള്ള പ്രചാരണം നടത്തുന്നവര്‍ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുക, അദ്ദേഹം പറഞ്ഞു.

വിമാനം ആദ്യതവണ ലാന്‍ഡിംഗിന് ശ്രമിക്കുകയും തുടര്‍ന്ന് വീണ്ടും പറന്നുപൊങ്ങി 20 മിനുട്ടോളം ആകാശത്ത് വട്ടമിട്ടുപറന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്. അവസാനസമയം ലാന്‍ഡ് ചെയ്യുമ്പോള്‍ ചാറ്റല്‍ മഴ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വിമാനത്താവളം പുറത്തുവിട്ട കാലാവസ്ഥാ റിപ്പോര്‍ട്ടിലും പറയുന്നു. അപ്പോള്‍, കാലാവസ്ഥയോ വിമാനത്താവളത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളോ അല്ല അപകട കാരണമെന്ന് വ്യക്തമാകുകയാണ്. വിമാനത്തിന്റെ സാങ്കേതിക തകരാറോ മറ്റോ ആയിരിക്കും കാരണമെന്നതിന് നിലവിലെ സൂചനകള്‍ വെച്ച് ശക്തമായ തെളിവുകളുണ്ട്.

എന്തായാലും ഡി. ജി. സി. എ യുടെ അന്തിമ റിപ്പോര്‍ട്ട് വരെ കാത്തിരിക്കാം. അതുവരെ, ഇപ്പോള്‍ നടക്കുന്ന സ്വകാര്യ ലോബികളുടെ അച്ചാരം പറ്റിയവരുടെ ആക്ഷേപങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാം. കരിപ്പൂരിനെ സ്വകാര്യ ലോബികള്‍ എന്നോ നോട്ടമിട്ടിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കാരണം, കേരളത്തില്‍ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഏക വിമാനത്താവളമാണ് കരിപ്പൂര്‍. റണ്‍വേക്ക് നീളമില്ല എന്നതിന്റെ പേരില്‍ ജംബോ വിമാനങ്ങളുടെ സര്‍വ്വീസ് വര്‍ഷങ്ങളോളം നിഷേധിക്കപ്പെട്ട കരിപ്പൂരിന് തുടര്‍ന്ന് ഏറെ നാളത്തെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് വലിയ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങാന്‍ ആരംഭിച്ചത്. അതിനിടെ, വീണുകിട്ടിയ ദുരന്തം വിമാനത്താവളത്തിന്റെ ശ്വാസംമുട്ടിക്കാന്‍ ഉപയോഗിക്കരുതെന്നാണ്, ഈ വിമാനത്താവളത്തെ ജീവന്റെ ആധാരമായി കണക്കാക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വേണ്ടി പറയാനുള്ളത്.

ചില മാധ്യമങ്ങളും എയര്‍പ്പോര്ട്ടിനെ തകര്‍ക്കാനുള്ള ജോലി ഏറ്റെടുത്തതായി അബ്ദുല്‍ റഊഫ് പറഞ്ഞു.


Sort by