നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ റസിഡന്‍സ് പെര്‍മിറ്റിന് പിഴയിളവ്

ഈയുഗം ന്യൂസ് ബ്യൂറോ     August  07, 2020   Friday   12:21:04pm

newswhatsapp

ദോഹ: കോവിഡ്- 19 വ്യാപനം കാരണം സ്വന്തം നാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ കാലാവധി കഴിഞ്ഞ താമസാനുമതി (റസിഡന്‍സ് പെര്‍മിറ്റ്)ക്ക് ഫീസ് ഈടാക്കില്ല. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് മഹാമാരി കാരണം രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രവാസികളെ റസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനാലോ രാജ്യത്തിന് പുറത്ത് ആറു മാസത്തിലേറെ കഴിഞ്ഞതിനാലോ ഉള്ള ഫീസില്‍ നിന്നും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഖത്തര്‍ ഐ.ഡി.യുള്ളവരില്‍ നിന്നും രാജ്യത്തേക്ക് വരുന്നതിന് ആവശ്യമായ സ്‌പെഷ്യല്‍ എന്‍ട്രി പെര്‍മിറ്റിന് വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതിനാല്‍ നിരവധി പ്രവാസികളാണ് സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്.

അതിനിടെ, ഖത്തറിലെ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള ലെബനന്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാന്‍ മുന്‍ഗണന നല്‍കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി നിര്‍ദ്ദേശം നല്‍കി. ഖത്തര്‍ റെസിഡന്‍സി പെര്‍മിറ്റ് ഉള്ള ലെബനീസ് പൗരന്മാര്‍ക്ക് മെട്രാഷ്2 വഴിയോ ബെയ്‌റൂട്ടിലെ ഖത്തര്‍ എംബസി മുഖേനയോ ബന്ധുക്കളുടെ എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കാം. ഇങ്ങനെ ഖത്തറിലെത്തുന്ന ലെബനീസ് പ്രവാസികള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കൊറോണവൈറസ് ടെസ്റ്റിന് വിധേയരായാല്‍ മതി.


Sort by