ഇന്ത്യയില്‍ കോവിഡ് ടെസ്റ്റ് സെന്ററുകളില്ല; ദോഹയില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

അലി അക്ബര്‍     August  06, 2020   Thursday   03:54:11pm

newswhatsapp

തൃശൂര്‍: കേരളത്തില്‍നിന്നും ദോഹയിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാകും. ഖത്തര്‍ ഗവണ്‍മെന്റ് നിബന്ധനകള്‍ പ്രകാരം അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതാണ് കാരണം. ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിരക്ക് 2,000 റിയാലിലാണ് ആരംഭിക്കുന്നത്.

അതിനിടെ കേരളത്തില്‍നിന്നും ദോഹയിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ക്കൊപ്പം ചില സ്വകാര്യ ട്രാവല്‍സുകളും സര്‍വീസ് അനൗണ്‍സ് ചെയ്തു. ആഗസ്റ്റ് എട്ടിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കൊഴിക്കോട്ടു നിന്നും ദോഹയിലേക്കു പറക്കും. ഇതേദിവസം കൊച്ചിയില്‍നിന്നും ദോഹയിലേക്ക് മാജിക് ടൂര്‍സ് കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനവും പറക്കും. ദോഹ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മാജിക്. 1,380 റിയാലാണ് കൊച്ചി-ദോഹ നിരക്കെന്ന് മാജിക് പ്രതിനിധി ഈയുഗത്തോട് പറഞ്ഞു. ഹോട്ടല്‍ ക്വാറന്റൈന്‍ യാത്രക്കാര്‍ സ്വന്തമായി ബുക്ക് ചെയ്യണം.

അതേസമയം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് നിന്ന് 18,968 രൂപയാണ് നിരക്ക്. ഒമ്പതിന് കൊച്ചിയില്‍നിന്നും ദോഹയിലേക്കുള്ള വിമാനത്തില്‍ 19,456 രൂപയാണ് നിരക്ക്. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നും എക്‌സ്പ്രസ് സര്‍വീസ് പ്രഖ്യാപിച്ചിട്ടില്ല. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍നിന്നും മറ്റു തിയതികളും പ്രഖ്യാപിച്ചിട്ടില്ല.

ഖത്തറിലേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. ജോലി ചെയ്യുന്ന സ്‌പോണ്‍സര്‍ കമ്പനിയാണ് എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കേണ്ടത്. ഇതിനായി ഗവണ്‍മെന്റ് പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ നപടിക്രമം അറിയാന്‍ വൈകിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്തതകളാണ് വൈകാന്‍ കാരണം. കേരളത്തിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിക്കാത്തതും പ്രശ്‌നമായി. ഖത്തറില്‍നിന്നും എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നതോടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഒരു മാസമാണ് എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി. കുടുംബാംഗങ്ങള്‍ക്കും എന്‍ട്രി പെര്‍മിറ്റ് ലഭിക്കും.

എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യുകയും ഇഹ്ത‌റാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം.

യാത്ര ചെയ്യാന്‍ നാട്ടില്‍നിന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നു നിര്‍ദേശമില്ലെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ടെസ്റ്റ് നടത്തി പോകുന്നതാണ് സുരക്ഷിതത്വമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ ഇത് ആവശ്യപ്പെടുന്നുണ്ടെന്നും ട്രാവല്‍സ് വൃത്തങ്ങള്‍ പറഞ്ഞു. പി പി ഇ കിറ്റ് ധരിച്ചാണ് യാത്ര ചെയ്യേണ്ടത്.

ഖത്തറിലെത്തിയാല്‍ വിമാനത്താവളത്തില്‍വെച്ചു തന്നെ പ്രഥമ ടെസ്റ്റിനു വിധേയരാകണം. ഫലം നഗറ്റീവാണെങ്കില്‍ ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ പോകാം. പോസിറ്റീവാണ് ഫലം എങ്കില്‍ ചികിത്സക്കായി ഐസൊലേഷനിലേക്കു മാറ്റും. ക്വാറന്റൈനില്‍ കഴിയുന്നവരെ ആറാം ദിവസം വീണ്ടും പരിശോധനക്കു വിധേയമാക്കി ഫലം നഗറ്റീവായാല്‍ ഹോം ക്വാറന്റൈനില്‍ അയക്കും. ഒരാഴ്ചക്കു ശേഷമേ ജോലിക്കായി പുറത്തിറങ്ങാന്‍ അനുവദിക്കൂ. ഖത്തറിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ യാത്രക്കായി പ്രവാസികള്‍ സന്നദ്ധമാകുന്നുണ്ട്.

അധികപേരും കമ്പനിയില്‍നിന്നുള്ള എന്‍ട്രി പെര്‍മിറ്റിന് കാത്തുനില്‍ക്കുകയാണ്. നേരത്തേ അവധിക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമായി നാട്ടിലെത്തി കുടുങ്ങിവരാണ് ഭൂരിഭാഗവും.

അതിനിടെ നാട്ടില്‍നിന്നും അംഗീകൃത കേന്ദ്രങ്ങളില്‍നിന്നും ടെസ്റ്റ് നടത്തി വരുന്നവര്‍ക്ക് ഹോം ക്വാറന്റൈനില്‍ പോകാമെന്ന വാര്‍ത്തകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അംഗീകൃത ടെസ്റ്റിംഗ് സെന്ററുകള്‍ പ്രഖ്യാപിക്കാന്‍ ഖത്തര്‍ സന്നദ്ധമാകാതിരുന്നതോടെ പ്രവാസികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായി. ടിക്കറ്റിനും ക്വാറന്റൈനുമായി വലിയ തുക ചെലവിടേണ്ട സ്ഥിതിയിലാണ് പ്രവാസികള്‍.


   good

   good

Sort by