// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  06, 2020   Thursday   02:38:26pm

news



whatsapp

ദോഹ: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ. സി. എഫ്. സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ആഗസ്ത് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങൾ സംബന്ധിക്കും.

അന്നവും അഭയവും നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിക്കുന്ന പതിനായിരങ്ങൾക്കാണ് ഐ. സി. എഫ്. കോവിഡ് കാലത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ എത്തിച്ചത്. സഊദി, യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സേവനം ലഭ്യമാക്കാനും ക്ഷേമ, സേവന വകുപ്പുകളുടെ കീഴിൽ പ്രത്യേക പദ്ധതി രൂപീകരിക്കുകയും അത് നടപ്പിലാക്കുന്നതിന് സഫ്‌വാ എന്ന പേരിലുള്ള വളണ്ടിയർ വിങ്ങിനെ ഉപയോഗപ്പെടുത്തിയുമാണ് പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ സംഘടന പ്രവർത്തിച്ചത്.

പ്രസ്തുത കാലയളവിൽ ദുരന്തഭൂമിയിൽ സേവനം ചെയ്തവർ, സഹകാരികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ ആദരിക്കുന്നതിനാണ് വിപുലമായ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ. പി. അബുബക്കര്‍ മുസ്ലിയാര്‍, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, നോർക്ക റൂട്സ് ഡയറക്ടർമാരായ ഒ.വി. മുസ്തഫ യു എ ഇ, സി വി. റപ്പായ് ഖത്തര്‍, അജിത് കുമാര്‍ കുവൈത്ത്, ലോക കേരളം സഭ അംഗം വി.കെ. റഊഫ് സൗദി, ഇന്റർനാഷണൽ ഗാന്ധിയിൽ തോട്സ് ചെയർമാൻ എന്‍.ഒ. ഉമ്മന്‍ ഒമാന്‍, പ്രവാസി കമ്മീഷൻ മെമ്പർ സുബൈര്‍ കണ്ണൂര്‍ ബഹ്റൈന്‍, ഐ സി എഫ് ഗൾഫ് കൗൺസിൽ ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

സല്യൂഡസ് എന്ന പേരിൽ സൂം ഓൺലൈൻ (ഐഡി: 333 3437343) വഴി നടക്കുന്ന പ്രത്യേക പരിപാടിയുടെ ലൈവ് ബ്രോഡ്‌കാസ്റ്റിംഗ്‌ ഐ സി എഫ് ഫെയ്‌സ്ബുക്ക് പേജിലും (facebook.com/icfgulf ) ലഭ്യമാവും.

Comments


Page 1 of 0