കഴിഞ്ഞ എഴു മാസം ബലദ്ന ലാഭം 84 മില്ല്യന്‍ റിയാല്‍

ഈയുഗം ന്യൂസ് ബ്യൂറോ     August  06, 2020   Thursday   12:18:46pm

newswhatsapp

ദോഹ: കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഖത്തറിലെ ഡയറി കമ്പനിയായ ബലദ്ന 84 മില്ല്യന്‍ റിയാല്‍ ലാഭം രേഖപ്പെടുത്തിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. വില്‍പ്പനയിലും ലാഭത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ കമ്പനി കൈവരിച്ചത്.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ്‌) ലാഭം 44.2 മില്ല്യന്‍ റിയാല്‍ ആണ്. ഒന്നാം പാദത്തെക്കാള്‍ 55 ശതമാനം കൂടുതല്‍. വിറ്റുവരവിന്‍റെ 22 ശതമാനമാണ് ലാഭം.

അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ രാജ്യം നടത്തിയ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായാണ് ബലദ്ന അറിയപ്പെടുന്നത്. സൗദിയില്‍ നിന്നും യൂ.എ.ഇ യില്‍ നിന്നുമുള്ള പാല്‍ ഉത്പന്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ നിലച്ചപ്പോള്‍ റെക്കോര്‍ഡ്‌ സമയത്തിനുള്ളിലാണ് ബലദ്ന രൂപം കൊണ്ടത്‌. കപ്പലിലും വിമാനങ്ങളിലും ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നിന്ന് പശുക്കളെ ഇറക്കുമതി ചെയ്തപ്പോള്‍ അത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തന്നെ കൌതുക വാര്‍ത്തയായി.

റമദാന്‍ മാസത്തില്‍ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനവും പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയതും കോവിഡ് കാലത്തും യാതൊരു തടസ്സവും താമസവും കൂടാതെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതുമാണ് കമ്പനിയെ സഹായിച്ചത്.

‌ബലദ്ന ഫാമില്‍ ഇപ്പോള്‍ 20,000 പശുക്കളുണ്ട്. പാല്‍ ഉത്പാദനവും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പശുവില്‍ നിന്നും ഒരു ദിവസം 31.1 ലിറ്റര്‍ പാല്‍ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 37.9 ലിറ്റര്‍ പാല്‍ ലഭിക്കുന്നു.


  

Sort by