വൈദ്യ സഹായവുമായി നാല് ഖത്തര്‍ വിമാനങ്ങള്‍ ഇന്ന് ലെബനനില്‍ എത്തും

ഈയുഗം ന്യൂസ് ബ്യൂറോ     August  05, 2020   Wednesday   03:10:05pm

newswhatsapp

ബൈറൂത്: പാണ്ടികശാലയിലുണ്ടായ വൻ സ്ഫോടനത്തിന്റെ നടുക്കത്തിൽ നിന്ന് മുക്തരാകാന്‍ പാട് പെടുന്ന ലബനാന് വൈദ്യ സഹായവുമായി ആദ്യ ഖത്തർ സംഘം ലബനാനിൽ എത്തി. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആവശ്യമായ മെഡിക്കൽ അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്തിലുള്ളത്.

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശപ്രകാരമാണ് ഖത്തർ ലെബനനിലേക്ക് അടിയന്തര വൈദ്യസഹായം അയച്ചത്. വൈദ്യ സഹായക സംഘത്തെയും വഹിച്ചുള്ള അമിരി വ്യോമസേനയുടെ ആദ്യ വിമാനം റഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

മൂന്ന് വിമാനങ്ങൾ കൂടി ഇന്ന് സഹായവുമായി പുറപ്പെടും. 500 കിടക്കകൾ വീതം ഉൾപ്പെടെ രണ്ട് ഫീൽഡ് ഹോസ്പിറ്റലുകളും റെസ്പിറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളുമാണ് വിമാനത്തിൽ ഉണ്ടാവുക.

അതേസമയം ബൈറൂതിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ സംഖ്യ 78 ആയി ഉയർന്നു. രാജ്യത്തെ ആരോഗ്യ മന്ത്രലയമാണ് ഇക്കാര്യം അറിയിച്ചത്.

ബൈറൂത് തുറമുഖത്തെ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ച ഒരു വെയര്‍ ഹൗസിലുണ്ടായ തീപിടുത്തമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. വെയര്‍ ഹൌസ് ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടം നിലംപൊത്തിയ സ്ഫോടനതിന്റെ ഘോര ശബ്ദം നഗരത്തിലുടനീളം മുഴങ്ങി കേൾക്കാമായിരുന്നു.

സ്‌ഫോടനത്തിൽ ലെബനന്റെ അയൽ രാജ്യങ്ങളായ തുർക്കി, ഖത്തർ, ലിബിയ എന്നിവ വൻ സഹായവാഗ്ദാനവുമായി മുന്നോട്ടു വന്നു .


Sort by