ഈയുഗം ന്യൂസ് ബ്യൂറോ
August 01, 2020 Saturday 12:30:09pm
ദോഹ: നാട്ടിലുള്ളവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാന്‍ ആവശ്യമായ സ്പെഷ്യല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കാന്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം. Qatar Portal വെബ്സൈറ്റില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ വിവരങ്ങളും രേഖകളും നല്‍കണം. പെര്‍മിറ്റ് ലഭിച്ചാല്‍ പ്രിന്റ് ഔട്ട് എടുത്ത് യാത്ര ചെയ്യുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കാണിക്കണം. പെര്മിട്ടിന് ഒരു മാസം കാലാവധി ഉണ്ടായിരിക്കുമെന്നും ഇതിനു മുമ്പ് യാത്ര ചെയ്തില്ലെങ്കില്‍ വീണ്ടും എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ എത്തിയാല്‍ ഉടന്‍തന്നെ എഹ്തരാസ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യണം. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്കിയാല് നിയമനടപടി സ്വീകരിക്കും.
യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. ക്വാരന്‍ടൈനില്‍ പോകാനുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ കരുതിയിരിക്കണം. അംഗീകൃത ഹോട്ടലില്‍ നിന്നായിരിക്കണം റിസര്‍വേഷന്‍.
2 എയര്‍പോര്‍ട്ടില്‍ കോവിഡ് ടെസ്റ്റ്. പരിശോധന ഫലം പോസിറ്റീവ് ആയാല്‍ നേരെ ഐസോലേഷന് സെന്ററിലേക്ക് മാറ്റും. നെഗറ്റീവ് ആയാല്‍ ഒരാഴ്ച ഹോട്ടല്‍ ക്വാരന്‍ടൈനില്‍ കഴിയണം.
3 ഹോട്ടല്‍ ക്വാരന്‍ടൈനില്‍ പോകുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഒരാഴ്ച വീണ്ടും ക്വാരന്‍ടൈനില്‍ കഴിയേണ്ടി വരും.
അതേസമയം നാട്ടില്‍ നിന്ന് യാത്രചെയ്യാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ ഈയുഗത്തോട് പറഞ്ഞു. കോവിഡ് ടെസ്റ്റ് നടത്താന്‍ അനുമതിയുള്ള ഗവണ്മെന്റ്, പ്രൈവറ്റ് ലാബുകളുടെ ലിസ്റ്റ് അധികൃതര്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ ഏകദേശം 45 ലാബുകള്‍ക്കാണ് അനുമതി.
കോവിഡ് ടെസ്റ്റ് നടത്തി 72 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യണം.
ദോഹ എയര്‍പോര്‍ട്ടില്‍ വെച്ച് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുമോ എന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഖത്തറിലുള്ളവര്‍ക്ക് 109 നമ്പറിലും വിദേശത്ത് നിന്ന് +974 44069999 നമ്പറിലും വിളിക്കാം.