പെരുന്നാള്‍ നമസ്കാരം നാളെ രാവിലെ 5:15 ന്

ഈയുഗം ന്യൂസ് ബ്യൂറോ     July  30, 2020   Thursday   04:01:45pm

news
ദോഹ: പെരുന്നാള്‍ നമസ്കാരം നാളെ രാവിലെ 5:15 ന് ആയിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളും ഗ്രൌണ്ടുകളും ഈദ് ഗാഹുകളും അടക്കം രാജ്യത്ത് 401 സ്ഥലങ്ങളില്‍ വലിയ പെരുന്നാള്‍ നമസ്കാരം നടക്കും. മാത്രമല്ല 200 പള്ളികളില്‍ നാളെ ജുമുഅ നമസ്കാരം നടത്താനും ഇസ്ലാമിക കാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഇസ്ലാമിക കാര്യ മന്ത്രാലയം നടത്തുന്നത്. നമസ്കാരം നടക്കുന്ന പള്ളികളും ഈദ് ഗാഹുകളും ശുദ്ധീകരിച്ച് അണുവിമുക്തമാക്കി.

"പള്ളിയില്‍ വരുന്ന എല്ലാവരും എല്ലാ കോവിഡ് മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു," മന്ത്രാലയം അഭ്യര്‍ഥിച്ചു. പ്രായം ചെന്നവരും രോഗബാധിതരും വീട്ടില്‍ വെച്ച് നമസ്ക്കരികണമെന്നും ഇത് അനുവദനീയമാണെന്നും ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

വലിയ പെരുന്നാള്‍ നമസ്കാരം നടക്കുന്ന പള്ളികളുടെ പേരുകള്‍, സ്ഥലം, നമ്പര്‍ എന്നിവ മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജുമുഅ നമസ്കാരം നടക്കുന്ന പള്ളികള്‍ ആദ്യത്തെ ബാങ്ക് വിളിയോടെ തുറക്കും, നമസ്കാരം കഴിഞ്ഞ് പത്ത് മിനിട്ടിനു ശേഷം പള്ളികള്‍ അടക്കും. പള്ളിയില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാണ്‌. ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇപ്പോള്‍ അനുമതിയില്ല.


  

Sort by