// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  30, 2020   Thursday   10:47:39am

news



whatsapp

ദോഹ: വലിയ പെരുന്നാള്‍ ദിവസങ്ങളില്‍ കോവിഡ്‌ വ്യാപനം തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ: ഹനാന്‍ അല്‍ കുവാരി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

"വലിയ പെരുന്നാള്‍ അടുത്തെത്തി. ആഘോഷങ്ങള്‍ക്കിടയില്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച എല്ലാ നിര്‍ദ്ദേശങ്ങളും എല്ലാവരും പാലിക്കണം. അതിന്‍റെ പ്രാധാന്യം കുറച്ചു കാണരുത്," ഡോ: ഹനാന്‍ അല്‍ കുവാരി പറഞ്ഞു. സാമൂഹിക അകലം പാലിക്കുക, ഫേസ് മാസ്ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, എഹ് തരാസ് ആപ് കരുതിയിരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ജനങ്ങള്‍ എല്ലാ മുകരുതലുകളും സ്വീകരിച്ചാല്‍ രോഗ വ്യാപനം ഇനിയും കുറയുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നാഷണല്‍ പാന്ടമിക് കമ്മിറ്റി തലവന്‍ ഡോ: അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

കോവിഡ്‌ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാം ഘട്ടത്തില്‍ വീടുകള്‍ക്കും മജ്ലിസ്സുകള്‍ക്കും ഉള്ളില്‍ പത്ത് പേര്‍ക്കും പുറത്ത് 30 പേര്‍ക്കും ഒരുമിച്ച് കൂടാം എന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ഖത്തറിലെ ജനങ്ങള്‍. ഇത്തവണ പെരുന്നാളിന് പള്ളിയില്‍ പോകാന്‍ സാധിക്കുമെന്നതും നിരവധി പള്ളികളില്‍ ജുമുഅ നമസ്ക്കാരം തുടങ്ങുന്നു എന്നതും വിശ്വാസികള്‍ക്ക് ആശ്വാസം നല്‍കുന്നു. 401 പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കും. പള്ളികളും ഈദ് ഗാഹുകളും വിവിധ ഡിപ്പാര്‍ട്ട്മെന്ടുകളുടെ നേതൃത്വത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.

വലിയ പെരുന്നാള്‍ സുഗമമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടത്തുന്നത്. പള്ളികളിലും റോഡുകളിലും കൂടുതല്‍ പട്രോളിംഗ് ഏര്‍പ്പെടുത്തും.

Comments


Page 1 of 0