ഈയുഗം ന്യൂസ് ബ്യൂറോ
July 29, 2020 Wednesday 07:03:13pm
ദോഹ: ഖത്തറിലെ ആദ്യത്തെ മരുന്ന് നിര്‍മാണ കമ്പനിയായ ദോഹ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും.
കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുരോഗമിക്കുന്നതായും കമ്പനി ഉദ്പാദനം തുടങ്ങിയാല്‍ രാജ്യത്ത് കുറഞ്ഞ വിലക്ക് അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 150 ഉം രണ്ടാം ഘട്ടത്തില്‍ 300 ഉം മരുന്നുകളാണ് കമ്പനി ഉത്പാദിപ്പിക്കുക. 2024 ല്‍ കമ്പനി കയറ്റുമതി തുടങ്ങും. ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 200 മുതല്‍ 250 മില്ല്യന്‍ റിയാല്‍ ആണ് ചെലവ്.
ആദ്യ ഘട്ടത്തില്‍ 200 ദശലക്ഷം ഗുളികകള്‍ ഉത്പാദിപ്പിക്കും. മൂന്ന് മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് 800 ദശലക്ഷം ആയി ഉയര്‍ത്തും.
"നിരവധി അന്താരാഷ്ട്ര മരുന്ന് കമ്പനികള്‍ ഞങ്ങളുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൌത്ത് കൊറിയ, ഇന്ത്യ, ബ്രിട്ടന് എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികള്‍ അവയില്‍പെടും," കമ്പനി ചെയര്മാന് അഹ്മദ് അല്‍ ജുഫൈരി പറഞ്ഞു.
"ഇപ്പോള്‍ മരുന്നിന് നമ്മള് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നു. വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് രാജ്യത്തിന് ഉണ്ടാക്കുന്നത്. മാത്രമല്ല ഫലസ്തീനിലും ആഫ്രിക്കയിലുമെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഖത്തര്‍ അവിടെ മരുന്നുകള്‍ വിതരണം ചെയ്യുന്നു. ഞങ്ങള്‍ ഉത്പാദനം തുടങ്ങിയാല്‍ കുറഞ്ഞ വിലക്ക് ഗവണ്മെന്ടിനു മരുന്നുകള്‍ നല്കാന് സാധിക്കും, അദ്ദേഹം പറഞ്ഞു.
എല്ലാ സുപ്രധാന മേഖലകളിലും ഖത്തര്‍ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് മരുന്ന് ഉത്പാദനം ഇതുവരെ തുടങ്ങിയിട്ടില്ല. ദോഹ ഫാര്‍മസ്യൂട്ടിക്കല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇതിനു പരിഹാരമാകും.