50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ്‌ നടത്താനൊരുങ്ങി ഖത്തര്‍

ഈയുഗം ന്യൂസ് ബ്യൂറോ     July  29, 2020   Wednesday   11:05:29am

news
ദോഹ: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ്‌ നടത്താനൊരുങ്ങി ഖത്തര്‍.

50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പ്രൈമറി ഹെല്‍ത്ത്‌ കെയര്‍ കോര്‍പ്പറേഷനില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ടെസ്റ്റിനുള്ള അപ്പോയന്‍മെന്റ് നല്‍കാന്‍ തുടങ്ങിയതായി ഫോണ്‍ കാള്‍ ലഭിച്ച ചിലര്‍ ഈയുഗത്തോട് പറഞ്ഞു.

ഡ്രൈവ് ത്രൂ സ്വാബ് ടെസ്റ്റ്‌ ആയിരിക്കും നടത്തുക. മൂന്ന് ഹെല്‍ത്ത്‌ സെന്ററുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. പരിശോധനക്ക് വിധേയമാകേണ്ടവര്‍ ഫേസ് മാസ്ക് ധരിച്ച് കാറില്‍ ഇരിക്കണം. മൂക്കില്‍ നിന്നും സാമ്പിള്‍ എടുക്കുന്നതാണ് സ്വാബ് ടെസ്റ്റ്‌. ഇത് വേദനയില്ലാത്ത ടെസ്റ്റ്‌ ആണെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനക്ക് പോകുന്നവര്‍ ഐ.ഡി കാര്‍ഡും ഹെല്‍ത്ത്‌ കാര്‍ഡും മൊബൈല്‍ ഫോണില്‍ എഹ്തറാസ് ആപ്പും കരുതിയിരിക്കണം. കാറില്‍ കുട്ടികള്‍ പാടില്ല. പ്രായം ചെന്നവരില്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് സാധ്യത.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാം ഘട്ടം ഇന്നലെ തുടങ്ങി. അതേസമയം രോഗത്തിന്‍റെ രണ്ടാം വരവ് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് രാജ്യം.


Sort by