കോവിഡ്: ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഖത്തര്‍ ചേംബര്‍ വെബ്സൈറ്റില്‍ അപേക്ഷിക്കാം

ഈയുഗം ന്യൂസ് ബ്യൂറോ     July  27, 2020   Monday   11:41:42am

newswhatsapp

ദോഹ: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഖത്തര്‍ ചേംബര്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടലില്‍ ഇതുവരെ ‌2,300 കമ്പനികള്‍ റെജിസ്റ്റര്‍ ചെയ്തതായി പ്ലാറ്റ്ഫോം ഡയറക്ടര്‍ ജനറല്‍ സലിഹ് ഹമദ് അല്‍ ശര്‍ക്കി പറഞ്ഞു.

ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും സംയുക്തമായി ചേര്‍ന്ന് നടത്തിയ വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമിന്‍റെ സേവനങ്ങള്‍ കമ്പനികള്‍ പ്രയോജനപ്പെടുത്തണമെന്നും ഈ സേവനം സൗജന്യമാണെന്നും അല്‍ ശര്‍ക്കി പറഞ്ഞു. പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തപ്പോള്‍ പിരിച്ചുവിട്ട തൊഴിലാളികളുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ മാത്രമാണ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും വെബ്സൈറ്റില്‍ അവരുടെ വിവരങ്ങളും ബയോഡാറ്റയും അപ്‌ലോഡ്‌ ചെയ്യാം. ഖത്തര്‍ ചേംബര്‍ വെബ്സൈറ്റിലൂടെയാണ് റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോമില്‍ പ്രവേശിക്കേണ്ടത്.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരെയും റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്പനികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും സംയുക്തമായി ചേര്‍ന്ന് തുടങ്ങിയതാണ് ഈ സംരംഭം.

തൊഴില്‍ മേഖലയില്‍ കോവിഡ് സൃഷ്ടിച്ച ആഘാതം ഒരു പരിധിവരെ പരിഹരിക്കാന്‍ ഈ പോര്‍ട്ടലിന് സാധിക്കുമെന്ന് അല്‍ ശര്‍ക്കി പറഞ്ഞു. താല്‍ക്കാലികമായി സ്ഥാപിച്ചതായിരുന്നെങ്കിലും കോവിഡിന് ശേഷവും ഞങ്ങളുടെ സേവനം തുടരും. മറ്റു ഭാഷകളിലേക്കും ഇത് വ്യാപിപ്പിക്കും, അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് അനുവദിക്കുന്ന ഒരേ ഒരു പോര്‍ട്ടല്‍ ഇതാണെന്നും മറ്റുള്ളവര്‍ക്ക് ഇതിനുള്ള അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Sort by