// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  24, 2020   Friday   10:50:04am

news



whatsapp

ദോഹ: കോവിഡ് ലോക്ക്ഡൗണിലും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതില്‍ ലോകത്ത് മുന്‍നിരയില്‍നിന്ന വിമാനം എന്ന അംഗീകാരം ഖത്തര്‍ എയര്‍വേയ്‌സിന്.

അയാട്ടയുടെ കണക്കനുസരിച്ചാണ് കോവിഡ്കാലത്തെ യാത്രാ സേവനത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് മുന്നിലെത്തിയത്. മെയ്‌, ജൂണ്‍ മാസങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയ എയര്‍ലൈന്‍ ഖത്തര്‍ എയര്‍ വയസ് ആയിരുന്നു.

മറ്റു വിമാന കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയപ്പോള്‍ 70 നഗരങ്ങളിലേക്കായി ലക്ഷക്കണക്കിന്‌ ആളുകളെ അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിച്ചു. 2.5 ലക്ഷം ടണ്‍ മരുന്നുത്പന്നങ്ങളും വിവിധ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയതായും കമ്പനി സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ അറിയിച്ചു.

ഏതു പ്രതിസന്ധി ഘട്ടത്തിലും ദൃഢനിശ്ചയമുണ്ടെങ്കില്‍ സേവനം ചെയ്യുന്നതിനൊപ്പം ബിസിനസിനും അത് അവസരമാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം അവസാനത്തോടെ ലോകത്തെ 70 നഗരങ്ങളിലേക്കായി പ്രതിവാരം 450 യാത്രാ വിമാന സര്‍വീസുകള്‍ നടത്തും. കോവിഡ്കാലം വ്യോമയാന മേഖലക്ക് ഇരുണ്ടതായിരുന്നുവെങ്കിലും ഖത്തര്‍ എയര്‍വേയ്‌സിന് ലക്ഷക്കണക്കിന്‌ യാത്രക്കാരെ സ്വന്തം വീടുകളിലെത്തിക്കാനും അര്‍ഹരായ സമൂഹങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനങ്ങളെത്തിക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.

കോവിഡിനെ നേരിടുന്നതിനുള്ള അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് ദോഹ എയര്‍പോര്‍ട്ടും ഖത്തര്‍ എയര്‍വേയ്‌സും പ്രവര്‍ത്തിച്ചത്. സ്പര്‍ശനമില്ലാത്ത പാസഞ്ചര്‍ പോയിന്റുകള്‍, സാമൂഹിക അകലം എന്നിവക്കു പുറമേ സാനിറ്റൈസരുകളുടെ ഉപയോഗമുള്‍പെടെ സജ്ജമാക്കി. എയര്‍പോര്‍ട്ടിന്റെ എല്ലാ ഭാഗങ്ങളും അണുമുക്തമാക്കുന്നതിന് റോബോട്ടുകള്‍ ഉപയോഗിക്കുന്ന ഏകസ്ഥലമാണ് ഖത്തര്‍. അത്യാധുനിക ശുചീകരണ ഉപകരണങ്ങള്‍ ഉപയോഗിച്ചു.

യാത്രക്കാരുടെ സുരക്ഷിതത്വത്തിന് നിരവധി മുന്‍കരുതലുകളാണ് ഹമദ് വിമാനത്താവളവും ഖത്തര്‍ എയര്‍വേയ്‌സും സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താപപരിശോധനക്കൊപ്പം യാത്രക്കാര്‍ക്ക് ഗ്ലൗസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ നല്‍കി.

Comments


Page 1 of 0