സ്വകാര്യ മേഖലയില്‍ ഖത്തറികള്‍ക്ക് ക്വാട്ട ഏര്‍പ്പെടുത്താന്‍ സാധ്യത

ഈയുഗം ന്യൂസ് ബ്യൂറോ     July  08, 2020   Wednesday   06:02:45pm

news
ദോഹ: പൊതുമേഖലാ സ്ഥാപനങ്ങളിലും ഗവണ്മെന്റ് ഫണ്ട്‌ സ്വീകരിക്കുന്ന സ്ഥാപനങ്ങളിലും ഖത്തര്‍ ജീവനക്കാരുടെ അനുപാതം 60 ശതമാനം ആക്കി ഉയര്‍ത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അനുമതി നല്‍കിയതായി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അതുപോലെ ഗവണ്മെന്റ് നിക്ഷേപം ചുരുങ്ങിയത് 60 ശതമാനുള്ള എല്ലാ കമ്പനികള്‍ക്കും തീരുമാനം ബാധകമാണ്. മാത്രമല്ല ഇത്തരം കമ്പനികളില്‍ മാനവവിഭവശേഷി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ഖത്തറികളുടെ അനുപാതം 80 ശതമാനം ആയി ഉയര്‍ത്തി.

അതേസമയം സ്വകാര്യ മേഖലയില്‍ ഖത്തറികള്‍ക്കും വിദേശികള്‍ക്കും അനുപാതം നിശ്ചയിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ സമ്മതം നല്‍കിയതായും ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു. തൊഴില്‍ മന്ത്രാലയം സമര്‍പ്പിച്ചതാണ് ഈ കരടു നിയമം. കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ നല്കിയിട്ടില്ലെങ്കിലും സ്വകാര്യ മേഖലയില്‍ ഖത്തറികള്‍ക്ക് ക്വാട്ട നിശ്ചയിക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

"സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഖത്തറികളുടെയും ഖത്തറികള്‍ അല്ലാത്തവരുടെയും അനുപാതം തീരുമാനിക്കുന്നത് സംബന്ധമായ കരടു തീരുമാനം കാബിനെറ്റ് അംഗീകരിച്ചു," ക്യൂ.എന്‍.എ റിപ്പോര്‍ട്ട്‌ പറയുന്നു.‌ ‌


Sort by