// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  05, 2020   Sunday   02:12:22pm

news



whatsapp

ദോഹ: ഖത്തറില്‍ കോവിഡ്‌ ബാധിതരുടെ എണ്ണത്തിലുള്ള അഭൂതപൂര്‍വമായ വര്‍ധനവിന് കാരണം ടെസ്റ്റുകളുടെ എണ്ണത്തിലുള്ള വര്‍ധനവാണെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,500 ടെസ്റ്റുകള്‍ ആണ് നടത്തിയത്. ഇതിന് മുമ്പ് നടത്തിയതിനേക്കാള്‍ മൂന്നിരട്ടിയിലധികം വര്‍ധനവാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം 700 മുതല്‍ 1,000 ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയിരുന്നത്, ദേശീയ [പകര്‍ച്ചവ്യാധി പ്രതിരോധ കമ്മിറ്റി കോ ചെയര്‍ ഡോ: അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

അത്യാധുനിക ടെസ്റ്റിംഗ് കിറ്റുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് കൂടുതല്‍ പേരില്‍ ഒരേ ദിവസം ടെസ്റ്റ്‌ ചെയ്യാന്‍ സാധിക്കുന്നത്. വളരെ വേഗത്തിലും ഫലപ്രദമായും ടെസ്റ്റ്‌ നടത്താന്‍ ഇപ്പോള്‍ സാധിക്കുന്നു.

യൂറോപ്പിയന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും ആളുകള്‍ എത്തുന്നതും കോവിഡ്‌ ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായെന്ന് ഡോ ഖാല്‍ പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും ഖത്തര്‍ പൌരന്മാരാണ്. ദോഹയില്‍ എത്തിയ ഉടനെതന്നെ ഇവരെ ക്വാരന്‍ടൈന്‍ ചെയ്യുന്നു. അതുകൊണ്ടുതന്നെ സമൂഹ വ്യാപനമില്ല.

"യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തുന്നവരില്‍ രോഗ നിരക്ക് വളരെ കൂടുതലാണ്. ഹോട്ടലില്‍ പാര്‍പ്പിച്ചവരെല്ലാം കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കാരണം അവരില്‍ ഓരോരുത്തര്‍ക്കും രോഗം ഉണ്ടാവാന്‍ സാധ്യതയുണ്ട്," ഡോ: ഖാല്‍ പറഞ്ഞു.

ഖത്തറില്‍ രോഗം ബാധിച്ചവരെ അല്ലെങ്കില്‍ ബാധിക്കാന്‍ സാധ്യതയുള്ളവരെ മൂന്ന് വിഭാഗങ്ങളിലായി തരം തിരിക്കുന്നു. ഒന്ന്, രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; രണ്ട്, നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, മൂന്ന്, ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍.

ചൈനയില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ രണ്ട് മുതല്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പക്ഷേ എല്ലാ കേസുകളിലും രണ്ടാഴ്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

യുവാക്കള്‍ വരെ ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലുണ്ട്, ഡോ: ഖാല്‍ പറഞ്ഞു.

ഖത്തറില്‍ ഇപ്പോള്‍ കോവിഡ്‌ ബാധിതരുടെ എണ്ണം1,325 ആണ്. 250 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ്‌ ബാധിതരുടെ എണ്ണത്തിലുള്ള അഭൂതപൂര്‍വമായ വര്‍ധനവ്‌ കാരണം പൊതുജനങ്ങളിലുണ്ടായ ആശങ്ക അകറ്റാനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.

Comments


Page 1 of 0