// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  30, 2020   Monday   01:44:06pm

news



whatsapp

ദോഹ: കൊറോണ വൈറസ്‌ സൃഷ്ടിച്ച പ്രതിസന്ധി മൂലം ഖത്തര്‍ എയര്‍വയസ് ഭീമമായ നഷ്ടം സഹിക്കുകയാണെന്നും വളരെ ചുരുങ്ങിയ കാലം സര്‍വീസ് നടത്താനുള്ള സാമ്പത്തിക ശേഷി മാത്രമേ കമ്പനിക്ക്‌ ഇപ്പോഴുള്ളുവെന്നും സി.ഇ.ഓ അക്ബര്‍ അല്‍ ബാകെര്‍ പറഞ്ഞു.

"സഹായത്തിനായി അടുത്തുതന്നെ ഗവണ്മെന്റിനെ സമീപിക്കേണ്ടി വരും," അല്‍ ബാകെര്‍ പറഞ്ഞു.

റോഇട്ടെര്സ് വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പല ജീവനക്കാരും ശമ്പളത്തോടെയും ശമ്പളമില്ലാതെയും ലീവെടുത്തു. തങ്ങളുടെ ശമ്പളം കുറക്കാമെന്ന് ചില ജീവനക്കാര്‍ സന്നദ്ധത അറിയിച്ചു. പക്ഷെ ശമ്പളം കുറക്കില്ല. "അതേസമയം സര്‍വീസ് പൂര്‍ണ്ണമായും പഴയസ്ഥിതിയിലാകുന്നത് വരെ ഞാന്‍ ശമ്പളം സ്വീകരിക്കില്ല," അല്‍ ബാകെര്‍ പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ സാമ്പത്തിക നേട്ടമല്ല ഖത്തര്‍ എയര്‍വയസിന്‍റെ ലക്ഷ്യമെന്നും കോവിഡ്‌ മൂലം ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ കുടുങ്ങിയവരെ അവരുടെ വീടുകളില്‍ എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടാഴ്ച ഖത്തര്‍ എയര്‍വയസ് 1,800 ഫ്ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യും. കൊറോണ വൈറസ്‌ മൂലം ലോകത്തെ പല എയര്‍ലൈന്‍ കമ്പനികളും സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കുകയും പല എയര്‍പോര്‍ട്ടുകളും അടച്ചിടുകയും ചെയ്ത അവസരത്തിലാണ് ഖത്തര്‍ എയര്‍വയസ് ഇത്രയും ഫ്ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. "സര്‍വിസുകള്‍ നിര്‍ത്തരുത് എന്ന് പല രാജ്യങ്ങളും എംബസികളും ഞങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഞങ്ങളുടെ സര്‍വിസുകള്‍ ഇനിയും തുടരും. എയര്‍പോര്‍ട്ട്‌ തുറന്നിരുന്നാല്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഞങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കും," അല്‍ ബാകേര്‍ പറഞ്ഞു.

പല ഫ്ലൈറ്റുകളിലും പകുതിയും അതിലും കുറവുമാണ് യാത്രക്കാര്‍.

ഉപരോധം മൂലം ഈ സാമ്പത്തിക വര്‍ഷം നഷ്ടം നേരിടുമെന്ന് കൊറോണ വൈറസ്സിനു മുമ്പ്തന്നെ ഖത്തര്‍ എയര്‍വയസ് പറഞ്ഞിരുന്നു. ഉപരോധ രാജ്യങ്ങള്‍ക്ക് മുകളിലൂടെ പറക്കാന്‍ സാധിക്കാത്തത് മൂലം കൂടുതല്‍ സമയം പറക്കേണ്ടതിനാല്‍ കൂടുതല്‍ ഇന്ധനവും മറ്റു ചിലവുകളും ഉണ്ടാവുന്നു.

അതേസമയം എപ്പോഴാണ് ഗവണ്മെന്റിനോട് സഹായം അഭ്യര്‍ഥിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Comments


Page 1 of 0