// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  21, 2020   Saturday   12:28:21am

news



whatsapp

ദോഹ: കൊറോണ വൈറസ്‌ വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ഖത്തര്‍. ഹോം ക്വാരണ്ടയ്ന്‍ നിയമം ലംഘിച്ചതിന് ഒമ്പത് ഖത്തറി പൌരന്മാര്‍ക്കെതിരെ കേസെടുത്തു. വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് അവര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനാണ് കേസ്.

അതേസമയം കാറുകളില്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കാറില്‍ ഒരാളെ മാത്രമേ അനുവദിക്കൂ എന്ന വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഅനൈന്‍, അബ്ദുല്‍ റഹ്മാന്‍ തഹിര്‍ മുഹമ്മദ്‌, ബര്കി ബദഅല്‍ ഹാജിരി, ഫരാജ് നാസ്സര്‍ അല്‍ മര്രി, അബ്ദുല്‍ ഹാദി ജല്ലബ്, ഹമദ് ജാബര്‍ ജല്ലബ്, സൌദ്‌ അലി അല്‍ മന്നായ്, ഖാലിദ്‌ അലി അല്‍ മന്നായ്, ജാബര്‍ അല്‍ മുന്ഹാസ് എന്നിവര്‍ക്കെതിരെയാണ് കേസ്.

കേസെടുക്കുക മാത്രമല്ല അവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുക വഴി വളരെ ശക്തമായ സന്ദേശമാണ് ഗവണ്മെന്റ് പൊതുസമൂഹത്തിന് നല്‍കുന്നത്.

കൊറോണ വ്യാപനം തടയാന്‍ വളരെ ശക്തമായ നടപടികളാണ് ഗവണ്മെന്റ് ശനിയാഴ്ച പ്രഖ്യാപിച്ചത്. എല്ലാവിധ ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി ഉത്തരവിറക്കി. ബീച്ചുകളും പാര്‍ക്കുകളും അടക്കം എല്ലാ പൊതു സ്ഥലങ്ങളും പൂര്‍ണമായും അടച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പട്രോള്‍ നടത്തും. നിയമം ലംഘിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെക്ക്പോസ്ടുകള്‍ സ്ഥാപിക്കും. ആരെങ്കിലും നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 44579999 എന്ന നമ്പറില്‍ അറിയിക്കണം.

ജീവഹാനിയില്ലാതെ കൊറോണ വൈറസ്‌ പടരുന്നത്‌ തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവ് ലുലുവ അല്‍ ഖാതിര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

150 കിടക്കകളുള്ള ഒരു ആശുപത്രി ഉടന്‍ നിര്‍മിക്കുമെന്ന് ആശ്ഗാല്‍ അറിയിച്ചു. മാത്രമല്ല 8,000 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രിയും ഒരുക്കും. ശനിയാഴ്ച രാജ്യത്ത് പതിനൊന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. ഇതോടുകൂടി കേസുകളുടെ എണ്ണം 481 ആയി. 17 പേരുടെ അസുഖം സുഖപ്പെട്ടു.

Comments


Page 1 of 0