ഗവണ്മെന്റ് ഓഫീസുകളില്‍ 80 ശതമാനം ജീവനക്കാര്‍ ഹാജരാകേണ്ടതില്ല

ഈയുഗം ന്യൂസ് ബ്യൂറോ     March  18, 2020   Wednesday   06:50:15pm

news
ദോഹ: ഗവണ്മെന്റ് ഓഫീസുകളില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്നും ബാക്കി 80 ശതമാനം പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്‌താല്‍ മതിയെന്നും കാബിനെറ്റ്‌ ഇന്ന് നിര്‍ദേശം നല്‍കി. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല.

മാര്‍ച്ച്‌ 22 മുതല്‍ രണ്ടാഴ്ച്ചക്കാലം ഇത് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ഈ കാലയളവില്‍ സ്ഥിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാബിനെറ്റ്‌ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ്‌ ഖാലിദ്‌ ബിന്‍ ഖലിഫ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ താനി അധ്യക്ഷ്യം വഹിച്ചു.

ഇതോടുകൂടി ഗവണ്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിശ്ചലമാകും. അത്യാവശ്യ സേവനങ്ങള്‍ നല്‍കാന്‍ മാത്രമാണ് 20 ശതമാനം ജീവനക്കാര്‍ക്ക് സാധിക്കുക.

അതേസമയം കോവിഡ്‌ ഭീതിയില്‍ ഖത്തറില്‍ ജനജീവിതം ഭാഗികമായി സ്തംഭിച്ചു. നിരത്തുകളില്‍ പല കടകളും ഇന്ന് അടഞ്ഞുകിടന്നു. സൂഖ് ഹരാജ് രണ്ടാഴ്ചത്തേക്ക് അടച്ചു. ഷോപ്പിംഗ്‌ മാളുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അല്ലാത്ത റീട്ടൈല്‍ കടകളും അടഞ്ഞു കിടന്നു.

ഇന്ഡസ്ട്രിയല്‍ ഏരിയയില്‍ പെട്ടെന്ന് റോഡുകള്‍ അടച്ചത് മൂലം ആ ഭാഗത്ത്‌ ജോലി ചെയ്യുന്നവര്‍ ബുദ്ധിമുട്ടിലായി. ചിലര്‍ രാത്രി ഓഫീസുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരായി.

വൈറസ്‌ വ്യാപനം തടയുക എന്നതാണ് അധികാരികളുടെ മുമ്പിലെ ആദ്യത്തെ വെല്ലുവിളി. അതിനുശേഷം മാത്രമാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക.


Sort by