നാളെ മുതല്‍ അഡ്രസ്‌ രജിസ്റ്റര്‍ ചെയ്തു തുടങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം

ഈയുഗം ന്യൂസ് ബ്യൂറോ     January  26, 2020   Sunday   08:00:11pm

newswhatsapp

ദോഹ: ദേശീയ അഡ്രസ്‌ നിയമം പ്രാബല്യത്തില്‍ വന്നു. നാളെ മുതല്‍ എല്ലാ ഖത്തര്‍ നിവാസികള്‍ക്കും സ്വന്തം അഡ്രസ്‌ രജിസ്റ്റര്‍ ചെയ്തു തുടങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ 26 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനത്തെ തിയ്യതി.

" 2017 ലെ 24 ആം നിയമപ്രകാരം അഡ്രെസ്സ് രജിസ്റ്റര്‍ ചെയ്യാന്‍ രാജ്യത്തെ പൌരന്മാരേയും പ്രവാസികളെയും ക്ഷണിക്കുന്നു. ജനുവരി 27, 2020, തിങ്കളാഴ്ച മുതല്‍ ജൂലൈ 26, 2020 ഞായറാഴ്ച വരെയാണ് ഇതിനുള്ള സമയപരിധി," ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

സര്‍ക്കാരിന് വ്യക്തിയുമായി ആശയവിനിമയം നടത്താനുള്ള അഡ്രസ്‌ ആണ് നല്‍കേണ്ടത്. പേര്, താമസസ്ഥലത്തിന്‍റെ പൂര്‍ണവിവരങ്ങള്‍, ലാന്‍ഡ്‌ ഫോണ്‍- മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ അഡ്രസ്‌, ഓഫീസ് അഡ്രസ്‌ എന്നിവ നല്‍കണം.

മേട്രാഷ് രണ്ടിലൂടെയോ അല്ലെങ്കില്‍ അഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സര്‍വീസ് സെന്ററുകളില്‍ നേരിട്ടെത്തിയോ അഡ്രസ്‌ രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ അഡ്രസ്‌ രജിസ്റ്റര്‍ ചെയ്യാത്തവര്‍ അതിന്‍റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.

വ്യതസ്ത സര്‍ക്കാര്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഖമാമാക്കാനാണ് പുതിയ അഡ്രസ്‌ നിയമം കൊണ്ടുവന്നത്. വ്യക്തമായ അഡ്രസ്സുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ കോടതിയില്‍ പല കേസുകളും കെട്ടിക്കിടക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Sort by