കൊറോണ വൈറസ്‌ കണ്ടുപിടിക്കാന്‍ എയര്‍പോര്‍ട്ടില്‍ തെര്‍മല്‍ ക്യാമറകള്‍

ഈയുഗം ന്യൂസ് ബ്യൂറോ     January  25, 2020   Saturday   02:38:39pm

newswhatsapp

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്‌ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്നും വൈറസ്‌ വരുന്നത് തടയാന്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൈനയില്‍ നിന്നും ആറു ഫ്ലൈറ്റുകളിലായി വന്ന ഏകദേശം 2,000 യാത്രക്കാരെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പരിശോധനക്ക് വിധേയമാക്കി. ആരിലും വൈറസ്‌ കണ്ടെത്തിയില്ല.

അത്യാധുനിക തെര്‍മല്‍ ക്യാമറകളാണ് പരിശോധനക്ക് വേണ്ടി എയര്‍പോര്‍ട്ടില്‍ ഉപയോഗിക്കുന്നത്. ദൂരെനിന്ന് പോലും ശരീരത്തിലുള്ള താപവ്യതിയാനം കണ്ടുപിടിക്കാന്‍ ക്യാമറക്ക് സാധിക്കും. ഒരു വിമാനത്തില്‍ നിന്നുള്ള മുഴുവന്‍ പേരെയും പരിശോധിക്കാന്‍ 20 മിനിറ്റില്‍ കൂടുതല്‍ എടുക്കില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ: ഹമദ് അല്‍ റുമൈഹി പറഞ്ഞു.

ഡോക്ടര്‍മാരുടേയും നേഴ്സുമാരുടെയും സംഘത്തിന് കീഴില്‍ പത്ത് തെര്‍മല്‍ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഏതു അടിയന്തിര സാഹചര്യവും നേരിടാന്‍ മന്ത്രാലയം സജ്ജമാണ്. ആര്‍ക്കെങ്കിലും വൈറസ്‌ ഉള്ളതായി കണ്ടെത്തിയാല്‍ ഉടന്‍തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡോ: ഹമദ് അല്‍ റുമൈഹി പറഞ്ഞു.

മാത്രമല്ല ചൈനയില്‍ നിന്നും ഖത്തറിലേക്ക് വരുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നമുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വിമാന ജീവനക്കാരെ അറിയിക്കണമെന്നും ഖത്തറില്‍ എത്തിയതിനു ശേഷവും 14 ദിവസം രോഗ ലക്ഷണം ഉണ്ടോ എന്ന് നിരീക്ഷിക്കണമെന്നും യാത്രക്കാരെ അറിയിക്കുന്നുണ്ട് .

"ചൈനയില്‍ നിന്നാണ് വൈറസിന്‍റെ ഇപ്പോഴത്തെ ഉത്ഭവം. മറ്റു രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നാല്‍ ആ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കും," ഡോ: ഹമദ് അല്‍ റുമൈഹി പറഞ്ഞു.


  

Sort by