യുക്രൈന്‍ വിമാനാപകടം: ഖത്തര്‍ എയര്‍വേസ്‌ സഞ്ചരിച്ചത് അതേ വ്യോമപാതയില്‍

ഈയുഗം ന്യൂസ് ബ്യൂറോ     January  13, 2020   Monday   09:14:14pm

news
ദോഹ: ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഒരു യുക്രൈന്‍ എയര്‍ലൈന്‍ വിമാനം ഇറാന്‍ മിസൈല്‍ പതിച്ച് തകര്‍ന്നുവീഴുന്നതിനു മുമ്പ് അതേ വ്യോമപാതയിലൂടെ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഒരു ഖത്തര്‍ എയര്‍വേസ്‌ വിമാനം കടന്നുപോയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ ബുധനാഴ്ച രാവിലെയാണ് യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണത്‌. 176 പേര്‍ മരണപ്പെട്ട അപകടം യന്ത്രത്തകരാര്‍ മൂലമാണെന്നാണ് ആദ്യം ഇറാന്‍ അവകാശപ്പെട്ടത്.

എന്നാല്‍ അമേരിക്കന്‍ മിസൈല്‍ ആണെന്ന് തെറ്റിദ്ധരിച്ച്‌ ഇറാന്‍ യുക്രൈന്‍ വിമാനത്തെ വെടിവെച്ചിട്ടതാണെന്നു അമേരിക്കയും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളും സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടു കൊണ്ട് ആരോപിച്ചു. തങ്ങള്‍ക്കു തെറ്റ് പറ്റിയെന്നും ശത്രു വിമാനമാണെന്ന് കരുതി വെടിവെച്ചു വീഴ്ത്തിയതാണെന്നും പിന്നീട്‌ ഇറാന്‍ സമ്മതിച്ചു.

അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ബുധനാഴ്ച പുലര്‍ച്ചെ മിസൈല്‍ ആക്രമണം നടത്തി ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് ടെഹ്രാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യുക്രൈന്‍ വിമാനം പറന്നുയര്‍ന്നത്. ഏകദേശം ആറു മണിക്ക് പുറപ്പെട്ട വിമാനം ഏതാനും മിനിറ്റുകള്‍ക്കകം നിലംപതിച്ചു.

യുക്രൈന്‍ വിമാനം പറന്നുയരുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പ് ദോഹയിലെക്കുള്ള ഖത്തര്‍ എയര്‍വേസ്‌ QR491 വിമാനം ടെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അതേ വ്യോമപാതയിലൂടെ സഞ്ചരിച്ചതായി അല്‍ അറേബിയ വെബ്സൈറ്റിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ്‌ ഐ എന്ന ലണ്ടന്‍ ആസ്ഥാനമായ ന്യൂസ്‌ പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്തു. രാത്രി 1.30 നാണ് അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഒരു ഡസനിലധികം മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടത്.

റിവല്യൂഷനറി ഗാര്‍ഡുകളുടെ ഒരു സുപ്രധാന സൈനിക കേന്ദ്രത്തിന്‍റെ ദിശയിലേക്ക് വിമാനം തിരിഞ്ഞപ്പോഴാണ് മിസൈല്‍ തൊടുത്തു വിട്ടതെന്നു ഇറാന്‍ പറഞ്ഞു. ഒരു വലിയ അപകടത്തില്‍ നിന്ന് ഖത്തര്‍ എയര്‍വേസ്‌ വിമാനം രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്‌ പറയുന്നു.


Sort by