പുതിയ കമ്പനികളുടെ രെജിസ്ട്രേഷന്‍ ഫീസ്‌ നിര്‍ത്തലാക്കാന്‍ സാധ്യത

ഈയുഗം ന്യൂസ് ബ്യൂറോ     January  11, 2020   Saturday   08:13:59pm

news
ദോഹ: സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്താനും വേണ്ടി രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്കുള്ള രെജിസ്ട്രേഷന്‍ ഫീസ്‌ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ഗവണ്മെന്റ് ആലോചിക്കുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി പറഞ്ഞു.

വിവിധ താരിഫ്ഫുകളും പോര്‍ട്ടില്‍ ഈടാക്കുന്ന ചാര്‍ജുകളും കുറക്കുന്നതിനെക്കുറിച്ചും ഗവണ്മെന്റ് ആലോചിക്കുന്നുണ്ടെന്ന് അല്‍ കുവാരി പറഞ്ഞു.

പുതിയ കമ്പനികളുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ സിസ്റ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി പേപ്പര്‍ അപേക്ഷയുടെ ആവശ്യമില്ല. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും.

ഇത്തരം പരിഷ്കാരങ്ങള്‍ ഖത്തറില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ഷെയ്ഖ്‌ ഖലിഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അന്താരാഷ്ട്ര ബിസിനസ്‌ സൗഹൃദ സൂചികകളില്‍ ഖത്തറിന്റെ സ്ഥാനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നും കൂടുതല്‍ പരിഷ്കാരങ്ങളുമായി ഖത്തര്‍ ഇനിയും മുമ്പോട്ട്‌ പോകുമെന്നും മന്ത്രി പറഞ്ഞു.


Sort by