യുദ്ധ ഭീതിയൊഴിയുന്നു; പെട്ടെന്ന് തിരിച്ചടിക്കാനുള്ള സാധ്യത തള്ളി ട്രംപ്

ഈയുഗം ന്യൂസ്‌ ബ്യൂറോ     January  08, 2020   Wednesday   08:00:58pm

news
ദോഹ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ മിസൈല്‍ ആക്രമണം ഇരുവിഭാഗങ്ങളും തമ്മില്‍ ഒരു തുറന്ന യുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍.

രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ്‌ ട്രംപ് ഇന്ന് നടത്തിയ പ്രസംഗത്തിലാണ് പെട്ടെന്ന് ഒരു തിരിച്ചടിയില്ലെന്ന സൂചന നല്‍കിയത്. അതേസമയം എങ്ങിനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുകയാണെന്ന് ട്രമ്പ്‌ പറഞ്ഞു. ലോകം ഉറ്റുനോക്കിയ, ഖത്തര്‍ സമയം രാത്രി 7.30 ന് നടത്തിയ, പ്രസംഗം മേഖലക്ക് ആശ്വാസം നല്‍കുന്നു. ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുമെന്നും അമേരിക്കക്ക് ഇനി പശ്ചിമേഷ്യയില്‍ നിന്നും എണ്ണ ആവശ്യമില്ലെന്നും ട്രമ്പ്‌ പറഞ്ഞു.

"നമ്മള്‍ എടുത്ത മുന്‍കരുതല്‍ മൂലം ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചില്ല. ഇറാന്‍ പിന്‍വാങ്ങുകയാണ്," ട്രംപ് പറഞ്ഞു. മിസൈല്‍ ആക്രമണം നടന്ന ഉടനെ ഡോണല്‍ഡ്‌ ട്രംപ് പുറത്തുവിട്ട ട്വീറ്റും ഇറാന്‍ വിദേശകാര്യ മന്ത്രിനടത്തിയ പ്രസ്താവനയും ഇരു രാജ്യങ്ങളും ഒരു തുറന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചന നല്‍കിയിരുന്നു.

"ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കെതിരെയുള്ള ഇറാന്‍ ആക്രമണം ഇരുവിഭാഗങ്ങളെയും സന്തോഷിപ്പിക്കും," വാര്‍ത്ത പ്രസിദ്ധീകരിച്ചു കൊണ്ട് ദി ഗാര്‍ഡിയന്‍ പത്രം തലക്കെട്ട്‌ നല്‍കി. സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ട്വീറ്റ് സൂചിപ്പിക്കുന്നതെന്ന് പ്രമുഖ അമേരിക്കന്‍ വാര്‍ത്താ ചാനലായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഖം രക്ഷിക്കാനുള്ള നടപടിയായിരിന്നു ഇറാന്‍റെ തിരിച്ചടി. ഒരു ഡസനിലധികം മിസൈലുകള്‍ രണ്ടു സൈനിക താവളങ്ങള്‍ക്ക് നേരെ ഉപയോഗിച്ചെങ്കിലും അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് മാത്രമല്ല ഇറാഖികള്‍ക്കും ഒരു ജീവഹാനി പോലും സംഭവിച്ചില്ല എന്നത് ആക്രമണം പ്രതീകാത്മകമായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ആക്രമണം നടത്തുന്ന കാര്യം ഇറാന്‍ മുന്‍കൂട്ടി ഇറാഖ് അധികൃതറെ അറിയിച്ചെന്നും ഇറാഖി അധികൃതര്‍ ഇത് അമേരിക്കക്ക് കൈമാറിയതായും അറബ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഏതു താവളങ്ങളെയാണ് ആക്രമിക്കുക എന്ന വിവരം പോലും ഇറാഖ് അമേരിക്കക്ക് കൈമാറി.

അമേരിക്കയുമായി നേരിട്ടുള്ളൊരു യുദ്ധത്തിന് ഇറാന് ശേഷിയില്ല. പക്ഷെ രാജ്യത്തെ രണ്ടാമനെന്ന് പറയപ്പെടുന്ന ഒരു ഉന്നത സൈനിക തലവന്‍ വധിക്കപ്പെട്ടതിന് ശേഷം തിരിച്ചടിക്കുക എന്നത് ഇറാന് നിര്‍ബന്ധമായിരുന്നു. മിസൈല്‍ ആക്രമണത്തില്‍ എണ്‍പതിലധികം അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത. ഇറാന്‍ ജനതയെ സന്തോഷിപ്പിക്കാന്‍ ഇതുമതി. അതേസമയം ഒരു അമേരിക്കന്‍ പട്ടാളക്കാരനെങ്കിലും കൊല്ലപ്പെട്ടിരുന്നെങ്കില്‍ വീണ്ടും തിരിച്ചടിക്കാന്‍ ട്രംപ് നിര്‍ബന്ധിക്കപ്പെടുമായിരുന്നു. അങ്ങിനെ ഒരു അവസരം നല്‍കാതിരിക്കുക വഴി യുദ്ധത്തിന് തങ്ങള്‍ക്ക് ആഗ്രഹമില്ലെന്ന് ഇറാന്‍ പ്രഖ്യാപിക്കുന്നു.

ആക്രമണം നിര്‍ത്തിയെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ടുള്ള പ്രതിരോധ നടപടി മാത്രമായിരുന്നെന്നും യുദ്ധത്തിന്‍റെ കാഹളമല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

പെട്ടെന്നുള്ള യുദ്ധ ഭീതി ഒഴിഞ്ഞെങ്കിലും ഇറാന്‍-അമേരിക്ക സംഘര്‍ഷം പൂര്‍വാധികം ശക്തിയോടെ തുടരും.


Sort by