ഇറാന്‍-അമേരിക്ക സംഘര്‍ഷം കുറക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നതായി വിദേശകാര്യ മന്ത്രി

ഈയുഗം ന്യൂസ് ബ്യൂറോ     January  07, 2020   Tuesday   08:56:07pm

news
ദോഹ: ഇറാന്‍-അമേരിക്ക സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി.

അല്‍ അറബി അല്‍ ജദീദ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേഖലയില്‍ ഉരിത്തിരിഞ്ഞ യുദ്ധസമാനമായ സ്ഥിതിവിശേഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി സംസാരിച്ചത്.

"കഴിഞ്ഞ കുറച്ചു കാലമായി മേഖലയില്‍ നിലനിന്ന സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. ബാഗ്ദാദിലെ അമേരിക്കന്‍ എംബസി ഉപരോധിച്ചതും അതിനുശേഷം ഇറാഖിലെയും ഇറാനിലെയും സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചതും (കൊലപ്പെടുത്തിയതും) മറ്റു സംഭവവികാസങ്ങളും കാര്യങ്ങള്‍ പുതിയ തലങ്ങളിലെത്തിച്ചു," ഷെയ്ഖ്‌ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ പറഞ്ഞു.

മേഖലയുടെ താല്പര്യങ്ങളും ഖത്തറിലെ ജനങ്ങളുടെ സുരക്ഷിതത്വവുമാണ് ഖത്തര്‍ ഗവണ്മെന്റിന്റെ ഒന്നാമത്തെ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

വിനാശകരമായ ആക്രമണത്തിന്‍റെ പാതയില്‍നിന്ന് ഇരു വിഭാഗങ്ങളും പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ്‌ ട്രംപിന്‍റെ പുതിയ ഭീഷണികള്‍ക്കെതിരെ ഇറാന്‍ ഇന്ന് ശക്തമായി പ്രതികരിച്ചു. പശ്ചിമേഷ്യയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും 13 സാധ്യതകളുടെ ലിസ്റ്റ് തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇറാന്‍ പറഞ്ഞു.

"ഇതില്‍ ഏറ്റവും ചെറിയ ആക്രമണം പോലും അമേരിക്കയുടെ ഉറക്കം കെടുത്തും," ഇറാന്‍ ദേശീയ സുരക്ഷാ കൌണ്‍സില്‍ സെക്രട്ടറി അലി ശംഖാനി പറഞ്ഞു. "ഇറാന്‍റെ അതിര്‍ത്തിക്കടുത്തുള്ള 27 അമേരിക്കന്‍ താവളങ്ങള്‍ ഇപ്പോള്‍ തന്നെ ജാഗ്രതയിലാണ്. ഞങ്ങളുടെ ദീര്‍ഘദൂര മിസ്സൈലിന്റെ പരിധിയില്‍ വരുന്നവയാണ് ഇവയെല്ലാം, അദ്ദേഹം പറഞ്ഞു.

ഇറാന്‍റെ ഭീഷണിക്ക് ശേഷം കുവൈത്ത്, ഇറാഖ്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അതീവസുരക്ഷയിലാണെന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

ഇറാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ അമേരിക്ക ആറു B-52 യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വിന്യസിച്ചതായും റിപ്പോര്‍ട്ട്‌ പറയുന്നു. ഇറാന്‍ ബാല്ലിസ്റ്റിക് മിസൈലുകളുടെ പരിധിക്കപ്പുറത്താണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ച ഡീഗോ ഗാര്‍സിയ ദ്വീപ്‌.


Sort by