// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  05, 2020   Sunday   08:35:48pm

news



whatsapp

ദോഹ: അമേരിക്കക്കെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായിരിക്കെ മേഖലയില്‍ മറ്റൊരു യുദ്ധം ഒഴിവാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീവ്രശ്രമം തുടങ്ങി. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സും ജര്‍മ്മനിയുമാണ്‌ ഇറാന്‍, ഇറാഖ് നേതാക്കളുമായി ബന്ധപ്പെട്ട് ഒരു യുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കുന്നത്.

ഇറാന്‍ തിരിച്ചടിക്കുമെങ്കിലും തിരിച്ചടിയുടെ കാഠിന്യം കുറച്ച് ഒരു തുറന്ന യുദ്ധം ഒഴിവാക്കുകയാണ് ആ രാജ്യങ്ങളുടെ ലക്ഷ്യം. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഖത്തറും തീവ്രശ്രമം തുടങ്ങി. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ഇന്നലെ ടെഹ്‌റാനിലെത്തി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി കൂടിക്കാഴ്ച നടത്തി. അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹുമായി ടെലിഫോണില്‍ സംഭാഷണം നടത്തി.

മേഖലയില്‍ സംഘര്‍ഷം കുറക്കുന്നതിനെക്കുറിച്ചും സമാധാനം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. "വരും ദിവസങ്ങളില്‍ ഒരു യുദ്ധം ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യും. ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍, ഇറാന്‍ തുടങ്ങി എല്ലാവരുമായും സഹകരിച്ച് ഇതിനുവേണ്ടി പ്രവര്‍ത്തിക്കും," ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെഇകോ മാസ് പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേല്‍ മാക്രോന്‍ ഇറാഖ് പ്രസിഡന്ടുമായും മറ്റു നേതാക്കളുമായും ടെലിഫോണില്‍ സംഭാഷണം നടത്തി. അതേസമയം ഇറാന്‍ ഏതുതരത്തില്‍ പ്രതികരിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് എല്ലായിടത്തും. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഒരു ഉന്നത ഇറാന്‍ സൈനിക വക്താവ് പറഞ്ഞു. ഇംപീച്ച്മെന്‍ന്റ് നേരിടുകയും ഒരു ഇലക്ഷന്‍ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഡോണല്‍ട് ട്രംപ് ഒരു യുദ്ധത്തിലൂടെ തന്‍റെ സ്ഥാനം സുരക്ഷിതമാക്കാന്‍ ശ്രമിക്കുമെന്ന് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇറാനുമായുള്ള പുതിയ ഏറ്റുമുട്ടലില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കക്ക് പിന്തുണ നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Comments


Page 1 of 0