ഈയുഗം ന്യൂസ് ബ്യൂറോ
December  23, 2019   Monday   08:58:26pm

newswhatsapp

ദോഹ: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആന്റിബയോട്ടിക് മരുന്നുകളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലോക ആന്റിബയോട്ടിക് അവബോധവാരാചരണം നടത്തി. ഖത്തറിലെ അസ്റ്ററിന്റെ എല്ലാ മെഡിക്കൽ സെന്ററുകളും ദോഹ ഓൾഡ് എയർപോർട്ടിലെ ആസ്റ്റർ ഹോസ്പിറ്റലിലും സംഘടിപ്പിച്ച വിവിധ ബോധവൽകരണ പരിപാടികളിലും മത്സരങ്ങളിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരകണക്കിന് ആളുകൾ പങ്കെടുത്തു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കുമിടയിൽ ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംശയങ്ങൾ തീർക്കുന്നതിനും വേണ്ടി ലോക ആരോഗ്യ സംഘടനയാണ് എല്ലാ വർഷവും ലോക ആന്റിബയോട്ടിക് അവബോധവാരാചരണത്തിനായി ആഹ്വാനം ചെയ്തതത്.

ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടികളുടെ ഔപചാരിക ഉത്‌ഘാടനം ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഖത്തറിലെ ചീഫ് എക്സിക്കുട്ടീവ് ഓഫിസർ ഡോ. സമീർ മൂപ്പൻ നിർവഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ കപിൽ ചിബ്, മെഡിക്കൽ ഡയറക്ടർ ഡോ. രഘു, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം മേധാവി ഡോ. അനൂപ് സിൻഹ, ക്വാളിറ്റി വിഭാഗം മേധാവി ഡോ. മഹേഷ് പട്ടേൽ, ഗൈനക്കോളജി വിഭാഗം കൺസൽട്ടൻറ് ഡോ. നോറ വൈറ്റ്കിൻ, യൂറോളജിസ്റ്റ് ഡോ. ശരത് ഷെട്ടി മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ആന്റിബയോട്ടിക്കിന്റെ ഗുണങ്ങളെയും ഉപയോഗങ്ങളെയും കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി ആസ്റ്റർ പോസ്റ്റർ, ക്വിസ് തുടങ്ങീ പരിപാടികളും സോഷ്യൽ മീഡിയ ഉപയോഗിച്ച് ബോധവൽകരണങ്ങളും സംഘടിപ്പിച്ചു. ആസ്റ്ററിലെ ജീവനക്കാരടക്കം അഞ്ഞൂറിലധികം ആളുകൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

"ആന്റിബയോട്ടിക്കുകളുടെ ഭാവി നമ്മുടെ കൈകളിലാണ്" എന്നതാണ് ഇത്തവണത്തെ വാരാചരണത്തിന്റെ മുദ്രവാക്യമെന്ന് ഡോ.സമീർ മൂപ്പൻ പറഞ്ഞു. ബാക്ടീരിയകളെ നിയന്ത്രിക്കുന്നതിനായി ആരോഗ്യപരിചരണരംഗത്ത് ആന്റിബയോട്ടിക്കുകളുടെ പ്രാധാന്യം ഏറെ വലുതാണെന്നും ഡോക്ടർമാരുടെയും മറ്റു അംഗീകൃത ആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശം അനുസരിച്ചു മാത്രമേ ഉപയോഗിക്കാവൂ. ശരീരം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നത് കാരണം ശരീരത്തിൽ ബാക്ടീരിയകൾ അനിയന്ത്രിതമായി പെരുകുകയും അവ അസുഖങ്ങൾ കൂടുതൽ ഗുരുതരമാക്കുകയും ചെയ്യും. ശരീരം ആന്റിബയോട്ടിക് പ്രതിരോധിക്കുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ഇത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരീരം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നത് വളരെ അപകടകരമാണെന്ന് ഡോ. അനൂപ് സിൻഹ പറഞ്ഞു. ഇത് അസുഖങ്ങളുടെ തീവ്രത കൂടുന്നതിന് കാരണമാകുമെന്നും ഇതുമൂലം ചികിത്സ സമയം കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി കുറക്കുന്നതാണ് ശരീരത്തിന്റെ പ്രതിരോധം കുറക്കാനുള്ള മാർഗ്ഗമെന്ന് ഡോ. മഹേഷ് പട്ടേൽ പറഞ്ഞു. അനവസരങ്ങളിലും ഡോക്ടറുടെ നിർദ്ദേശം അനുസരിക്കാതെയും ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റിബയോട്ടിക്കുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി ആസ്റ്റർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവേ ഡോ.നോറ വൈറ്റ്കിൻ പറഞ്ഞു.

Comments


Page 1 of 0