// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  13, 2019   Wednesday   12:09:24pm

news



whatsapp

ദോഹ: സൗദി അറേബ്യയും യൂ.എ.ഇ യും ബഹ്‌റൈനും ദോഹയില്‍ നടക്കുന്ന ഗള്‍ഫ്‌ കപ്പ്‌ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മൂന്നു രാജ്യങ്ങളുടെയും ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഔദ്യോഗിക വെബ്സൈറ്റുകളിലും ട്വിറ്റെറിലും പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗള്‍ഫ്‌ കപ്പില്‍ പങ്കെടുക്കാനുള്ള ക്ഷണം ഉപരോധ രാജ്യങ്ങള്‍ സ്വീകരിച്ചില്ലെന്നും ബാക്കി ടീമുകളുമായി മുമ്പോട്ട്‌ പോകുമെന്നും നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളെ ക്ഷണിച്ചതായും ക്ഷണം സ്വീകരിച്ചതായും സൗദി, യൂ.എ.ഇ, ബഹ്‌റൈന്‍ ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഇന്ന് വ്യക്തമാക്കി.

ഇതോടുകൂടി എട്ടു ടീമുകള്‍ കപ്പില്‍ പങ്കെടുക്കും. ആറു ഗള്‍ഫ്‌ രാജ്യങ്ങള്‍ക്ക് പുറമേ യെമനും ഇറാഖും ടൂര്‍ണമെന്റിലുണ്ട്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ 6 വരെയാണ് 24 ആമത് ഗള്‍ഫ്‌ കപ്പ്‌ മത്സരങ്ങള്‍.

ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ഉപരോധ രാജ്യങ്ങള്‍ പങ്കെടുക്കുന്നതോടെ ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുമെന്ന് അന്താരാഷ്ട്ര ന്യൂസ്‌ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. "ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നു. ആദ്യം ഖത്തറും സൗദിയും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് പദ്ധതി. ശേഷം യൂ.എ.ഇ യെ ചേര്‍ക്കും," ഒരു ഗള്‍ഫ്‌ വക്താവ് പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കുവൈത്ത് ആണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. സംഘര്‍ഷം കുറക്കാന്‍ ഗള്‍ഫ്‌ കപ്പില്‍ പങ്കെടുക്കണമെന്ന് സൌദിയോട് കുവൈത്ത് അഭ്യര്‍ഥിച്ചിരുന്നു.

Comments


Page 1 of 0