ദോഹയിലെ കേമ്പിന്‍സ്കി ഹോട്ടലില്‍ താമസിക്കാന്‍ ലിവര്‍പൂള്‍ ടീം വിസമ്മതിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     November  06, 2019   Wednesday   07:48:44pm

news

ലിവര്‍പൂള്‍ താരം മുഹമ്മദ്‌ സലഹ്.
ദോഹ: ഫിഫ ക്ലബ്‌ വേള്‍ഡ്‌ കപ്പ്‌ മത്സരങ്ങള്‍ക്ക് ദോഹയില്‍ എത്താനിരിക്കുന്ന ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്‌ ടീം ദോഹയിലെ കേമ്പിന്‍സ്കി ഹോട്ടലില്‍ താമസിക്കാന്‍ വിസമ്മതിച്ചതായി ഒരു ലണ്ടന്‍ ന്യൂസ്‌ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു. ഹോട്ടല്‍ നിര്‍മാണ സമയത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് തീരുമാനത്തിന് പിന്നിലെന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു.

ഡിസംബറില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തുന്ന ലിവര്‍പൂള്‍ ടീമിന് താമസിക്കാന്‍ പേള്‍ ഖത്തറിലെ മാര്‍സ മലാസ് കേമ്പിന്‍സ്കി ഹോട്ടലാണ് ഫിഫ അധികൃതര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ മനുഷ്യക്കടത്ത് തടയുന്നത് സംബന്ധമായി ലിവര്‍പൂള്‍ പിന്തുടരുന്ന നയങ്ങളുടെ ഭാഗമായി ഹോട്ടലിന്റെ ബാക്ക്ഗ്രൌണ്ട് പരിശോധിച്ചപ്പോള്‍ ഹോട്ടല്‍ ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായും തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാതായും മനസ്സിലായി.

കേമ്പിന്‍സ്കി ഹോട്ടലില്‍ താമസിക്കാന്‍ വിസമ്മതിച്ചതായി ഒരു ലിവര്‍പൂള്‍ വക്താവ് മിഡില്‍ ഈസ്റ്റ്‌ ഐ വെബ്സൈറ്റിനോട് പറഞ്ഞു.

മാര്‍സ മലാസ് കേമ്പിന്‍സ്കിയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനത്തിനും താഴെയുള്ള ശമ്പളമാണ് നല്‍കിയിരുന്നതെന്നും അസഹ്യമായ ചൂടില്‍ തൊഴിലാളികള്‍ പണിയെടുത്തെന്നും ലണ്ടനിലെ ദി ഗാര്‍ഡിയന്‍ പത്രം കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

ഡിസംബര്‍ 11 മുതല്‍ 22 വരെ ദോഹയില്‍ നടക്കുന്ന ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പില്‍ ഏഴു മത്സരങ്ങള്‍ ഉണ്ടായിരിക്കും. ആറു ഫെഡറേഷനുകളില്‍ ജേതാക്കളായ ടീമുകളും ഖത്തറില്‍ നിന്നുള്ള ഒരു ക്ലബ്ബും അടക്കം ഏഴു ടീമുകളാണ് മത്സരിക്കുക.

അതേസമയം 2022 ലോകകപ്പ്‌ പ്രൊജക്റ്റ്‌കളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നിരവധി നടപടികളാണ് സുപ്രീം കമ്മിറ്റി സ്വീകരിച്ചത്. ഇവ ഫിഫയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.


  

Sort by