// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
October  31, 2019   Thursday   03:07:24pm

news



whatsapp

ദോഹ: പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചതായി ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളുകളില്‍ ഒന്നായ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജ്‌മന്റ്‌ അറിയിച്ചു.

സ്കൂള്‍ അടച്ചുപൂട്ടുന്നതായി അധികൃതര്‍ ബുധനാഴ്ച രക്ഷിതാക്കള്‍ക്ക് ടെക്സ്റ്റ്‌ മെസ്സേജ് അയച്ചിരുന്നു. 2019-2020 അധ്യയന വര്‍ഷം സ്കൂളിന്‍റെ അവസാന അധ്യയന വര്‍ഷമായിരിക്കുമെന്നും 2020-2021 വര്‍ഷത്തില്‍ കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റണമെന്നുമായിരുന്നു സന്ദേശം.

രക്ഷിതാക്കളെ പരിഭ്രാന്തരാക്കിയ സന്ദേശം വന്ന് 24 മണിക്കൂറിനുള്ളില്‍ സന്ദേശം പിന്‍വലിക്കുന്നതായും സ്കൂള്‍ പഴയപോലെ പ്രവര്‍ത്തനം തുടരുമെന്നും സ്കൂള്‍ അധികൃതര്‍ വീണ്ടും സന്ദേശം അയച്ചു.

അബു ഹമൂറില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ 2000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

ആദ്യം അയച്ച സന്ദേശത്തിന്‍റെ പൂര്‍ണ രൂപം ഇങ്ങിനെ: "ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാല്‍ സ്കൂളിന്‍റെ അവസാന അധ്യയന വര്‍ഷം 2019-2020 ആയിരിക്കുമെന്ന് താങ്കളെ അറിയിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. 2020-2021 വര്‍ഷത്തില്‍ മറ്റു സ്കൂളുകളില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് പ്രവേശനം ശരിപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറിച്ചെന്തെങ്കിലും സംഭവവികാസങ്ങള്‍ ഉണ്ടായാല്‍ വരും ദിവസങ്ങളില്‍ നിങ്ങളെ അറിയിക്കാം. നിങ്ങള്‍ക്കുണ്ടായ അസൌകര്യത്തില്‍ ഖേദം രേഖപ്പെടുത്തുന്നു. മുന്‍കൂട്ടി അറിയിക്കാനാണ് ഈ സന്ദേശം അയക്കുന്നത്."

അപ്രതീക്ഷിതമായി സന്ദേശം ലഭിച്ച പരിഭ്രാന്തരായ രക്ഷിതാക്കള്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുകയും പത്രമോഫീസുകളിലേക്ക് ഫോണ്‍ ചെയ്യുകയും ചെയ്തു. ചിലര്‍ ഇന്ത്യന്‍ എംബസ്സി ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് ഗള്‍ഫ്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്തു. സ്കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളോ അത് പിന്‍വലിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചോ സന്ദേശത്തില്‍ പറയുന്നില്ല.

അതേസമയം ചില ഭരണപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചില വൃത്തങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നു.

Comments


Page 1 of 0