ഇറാനുമായി അടുക്കാന്‍ യൂ.എ.ഇ ശ്രമം

ഈയുഗം ന്യൂസ് ബ്യൂറോ     October  19, 2019   Saturday   12:56:28pm

news
ദുബായ്: ഇറാനുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കാനും മേഖലയില്‍ സംഘര്‍ഷം കുറയ്ക്കാനും യൂ.എ.ഇ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

മേഖലയില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനു അയവുവരുത്താന്‍ സാധിക്കുമെന്ന് മാത്രമല്ല സൗദി നിലപാടിന് വിരുദ്ധവുമാണ് യൂ.എ.ഇ യുടെ പുതിയ നീക്കം.

ഇറാനുമായി അടുക്കാനുള്ള യൂ.എ.ഇ യുടെ തീരുമാനം മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണം കൂടിയാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഇറാനുമായുള്ള ഒരു ഏറ്റുമുട്ടലില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് നയം മാറ്റാന്‍ യൂ.എ.ഇ യെ പ്രേരിപ്പിച്ചത്. മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ്‌ ട്രംപിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അബുദാബി തിരിച്ചറിയുന്നു.

അബുദാബി കിരീടാവകാശിയുടെ ഇളയ സഹോദരനായ ഷെയ്ഖ്‌ തഹനൂന്‍ ബിന്‍ സായെദും യൂ.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇയ്യിടെ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നടത്തിയ ചര്‍ച്ചയില്‍ ഇറാനുമായി അടുക്കാനാണ് യൂ.എ.ഇ ആഗ്രഹിക്കുന്നത് എന്ന സന്ദേശം കൈമാറി. അബുദാബിയുടെ പുതിയ സമീപനത്തെ ടെഹ്‌റാന്‍ സ്വാഗതം ചെയ്തു. "അയല്‍രാജ്യങ്ങളുമായി എപ്പോഴും സൗഹൃദ ബന്ധം പുലര്‍ത്തുക എന്നതാണ് ഇറാന്‍റെ വിദേശനയം," ഇറാന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ്‌ മഹ്മൂദ് വെസി പറഞ്ഞു.

ഫുജൈറ തുറമുഖത്തിനടുത്ത് ഈ വര്‍ഷം ആദ്യത്തില്‍ യൂ.എ.ഇ യുടെ നാല് ടാങ്കറുകള്‍ അക്രമിക്കപ്പെട്ട ശേഷം ഇറാനുമായുള്ള സംഘര്‍ഷം വര്‍ധിച്ചിരുന്നു. ആക്രമണത്തിന് പ്ന്നില്‍ ഇറാനാണെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇറാനെ യൂ.എ.ഇ കുറ്റപ്പെടുത്തിയിരുന്നില്ല.

യെമെനിലെ ഹൂതികള്‍ സൗദിയില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളും യൂ.എ.ഇ യെ ഭീതിപ്പെടുത്തുന്നു.


Sort by