വീട്ടുജോലിക്കാര്‍ക്കും എക്സിറ്റ് പെര്‍മിറ്റ്‌ നിര്‍ത്തലാക്കും: മന്ത്രി

ഈയുഗം ന്യൂസ് ബ്യൂറോ     October  17, 2019   Thursday   03:23:32pm

news
ദോഹ: വീട്ടുജോലിക്കാര്‍ അടക്കം ഖത്തറിലെ തൊഴില്‍ നിയമത്തിന്‍റെ പരിധിയില്‍ പെടാത്തവര്‍ക്കും എക്സിറ്റ് പെര്‍മിറ്റ്‌ നിര്‍ത്തലാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും തൊഴില്‍-സാമൂഹ്യകാര്യ മന്ത്രി യൂസുഫ് മുഹമ്മദ്‌ അല്‍ ഒസ്മാന്‍ ഫക്രൂ പറഞ്ഞു.

രാജ്യത്തെ തൊഴില്‍ നിയമം ബാധകമായിട്ടുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ എക്സിറ്റ് പെര്‍മിറ്റ്‌ നിര്‍ത്തലാക്കിയിട്ടുള്ളത്. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് തൊഴില്‍ നിയമം ബാധകമല്ല.

വീട്ടുജോലിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും കൂടി നിര്‍ത്തലാക്കുന്നതോടെ എക്സിറ്റ് പെര്‍മിറ്റ്‌ രാജ്യത്ത് പൂര്‍ണ്ണമായും ഇല്ലാതാകും.

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഓ) നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ദോഹയില്‍ നടത്തിയ ചടങ്ങിലാണ് തൊഴില്‍-സാമൂഹ്യകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു. മാത്രമല്ല കോണ്ട്രാക്റ്റ് കാലയളവില്‍ തന്നെ ജോലി മാറാന്‍ സൗകര്യമൊരുക്കുന്ന മറ്റൊരു കരടു നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. തൊഴിലാളികളുടെയും കമ്പനികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതായിരിക്കും ഈ നിയമം.

"സുപ്രധാനമായ ഈ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിന് നന്ദി," ഐ.എല്‍.ഓ ഉദ്യോഗസ്ഥന്‍ മൂസ്സ ഒമാറു പറഞ്ഞു.


  

   അപ്പൊ govt. എംപ്ലോയീസിന് ബാധകമാണോ??

Sort by