വരുന്നു, ദേശീയ അഡ്രസ്‌ നിയമം; ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ

ഈയുഗം ന്യൂസ് ബ്യൂറോ     September  30, 2019   Monday   04:08:04pm

news
ദോഹ: ദേശീയ അഡ്രസ്‌ നിയമം (National Address Law) ഉടന്‍ നടപ്പിലാക്കുമെന്നും രാജ്യത്തിന്‍റെ വര്‍ധിച്ചുവരുന്ന സാമ്പത്തിക-സാമൂഹിക പുരോഗതി കണക്കിലെടുത്താണ് ഇത്തരം ഒരു നിയമം നടപ്പിലാക്കുന്നതെന്നും അഭ്യന്തര മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

വിദേശികളും സ്വദേശികളുമടക്കം ഖത്തറില്‍ താമസിക്കുന്ന ഓരോ വ്യക്തിയുടെയും പൂര്‍ണമായ അഡ്രസ്‌ ശേഖരിക്കുകയാണ് ദേശീയ അഡ്രസ്‌ നിയമത്തിന്‍റെ ലക്ഷ്യം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓരോ വ്യക്തിയും തങ്ങളുടെ അഡ്രസ്‌ അഭ്യന്തര മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന രൂപത്തില്‍ നല്‍കണം. ഇത് ഓണ്‍ലൈന്‍ ആയിട്ടോ മന്ത്രാലയത്തില്‍ നേരിട്ടെത്തിയോ നല്‍കാവുന്നതാണ്.

ഖത്തറില്‍ താമസിക്കുന്ന അഡ്രസ്‌, ലാന്‍ഡ്‌ ഫോണ്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ അഡ്രസ്‌, ഓഫീസ് അഡ്രസ്‌, വിദേശത്തെ അഡ്രസ്‌ എന്നിവ നല്‍കണം. മാത്രമല്ല ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും നല്‍കേണ്ടി വരുമെന്ന് മന്ത്രാലയത്തിലെ ലീഗല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം സഖ്‌ര്‍ അല്‍ മുറൈഖി പറഞ്ഞു. അഡ്രസ്‌ നല്‍കിയതിന് ശേഷം എന്തെങ്കിലും മാറ്റമുണ്ടായാല്‍ അതും നിശ്ചിത സമയത്തിനുള്ളില്‍ മന്ത്രാലയത്തെ അറിയിക്കണം.

നിയമം പാലിക്കാത്തവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും.

രാജ്യത്തെ നിയമവ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ നിയമം. പലപ്പോഴും ഗവണ്മെന്റിന്റെ രേഖകളിലുള്ള അഡ്രസ്‌ യഥാര്‍ത്ഥ അഡ്രസ്സില്‍ നിന്ന് വ്യത്യസ്തമാണ്.

ഇത്തരം ഒരു ഡാറ്റബേസ് ഇ- ഗവെര്‍ണന്‍സ് തുടങ്ങിയ ഗവണ്മെനടിന്റെ മറ്റു പ്രവര്‍ത്തനങ്ങളെയും സഹായിക്കും.


Sort by