// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  29, 2019   Sunday   08:22:27pm

news



whatsapp

ദോഹ: റോഡുകളും പൊതുസ്ഥലങ്ങളും മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി 2022ഓടെ 10 മില്ല്യന്‍ സ്ക്വയര്‍ മീറ്റര്‍ സ്ഥലം പുല്ലുകളും മരങ്ങളും നട്ട് പിടിപ്പിച്ച് ഹരിതാഭമാക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഇതോടെ പച്ചപ്പ്‌ നിറഞ്ഞ സ്ഥലം രാജ്യത്ത് ഇപ്പോഴുള്ളതിന്റെ ഏകദേശം രണ്ടരയിരട്ടിയാകും.

മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കര്‍ക്കുമായി 2,650 കിലോമീറ്റര്‍ പാത നിര്‍മിക്കും. വെസ്റ്റ് ബേയില്‍ (ഒനൈസ) 5,800 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച അല്‍ അബ്രാജ് പാര്‍ക്കിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അശ്ഗാല്‍ ഇക്കാര്യം പറഞ്ഞത്.

ലഗ്തൈഫിയ, ബുഹൈറ, അല്‍ വാബ് സ്ട്രീറ്റ്, അല്‍ മര്ഖിയ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മോടിപിടിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. "കാല്‍നടയാത്രക്കാര്‍ക്കായി 76 കിലോമീറ്റര്‍ പാത പല സ്ഥലങ്ങളിലായി ഇപ്പോള്‍ പൂര്‍ത്തിയായി. ലൈറ്റുകള്‍ സ്ഥാപിക്കല്‍, ലാന്‍ഡ്‌സ്കേപ്പിംഗ്, ഫര്‍ണിച്ചര്‍ സ്ഥാപിക്കല്‍, മരം നടല്‍ എന്നിവ പല സ്ഥലങ്ങളിലായി ഇപ്പോള്‍ നടന്നുവരുന്നു," അശ്ഗാല്‍ പ്രസിഡന്റ്‌ ഡോ: എഞ്ചിനീയര്‍ സാദ് ബിന്‍ അഹമദ്‌ അല്‍ മുഹന്നദി പറഞ്ഞു.

"നിരവധി പബ്ലിക്‌ പാര്‍ക്കുകള്‍ പുനര്‍നിര്‍മിക്കും. പരിസ്ഥിതി കൂടുതല്‍ ആകര്‍ഷകമാക്കും. സൈക്കിള്‍ ഉപയോഗിച്ചും നടന്നും പൊതുസ്ഥലങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത് ഖത്തര്‍ 2030 വിഷന്റെ ഭാഗമാണ്," മറ്റൊരു അശ്ഗാല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വ്യത്യസ്തമായ രീതിയിലാണ് അല്‍ അബ്രാജ് പാര്‍ക്ക് രൂപകല്‍പന ചെയ്തിട്ടുള്ളത്. 130 മരങ്ങളും 240 സ്ക്വയര്‍ മീറ്റര്‍ കുറ്റിച്ചെടികളും 3,530 സ്ക്വയര്‍ മീറ്റര്‍ പുല്‍ത്തകിടികളും പാര്‍ക്കിലുണ്ട്.

Comments


Page 1 of 0