// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  21, 2019   Saturday   02:22:42pm

news



whatsapp

ദോഹ: കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതല്‍ നൂറുകണക്കിന് തൊഴിലാളികള്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഖത്തര്‍ വിടാന്‍ നിര്‍ബന്ധിതരായെന്ന് ആംനസ്ടി ഇന്റര്‍നാഷനല്‍ കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി അല്‍ ജസീറ ഇംഗ്ലീഷ് വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു.

2,000 ത്തിലധികം തൊഴിലാളികളുടെ നീതിക്കായുള്ള പോരാട്ടം തങ്ങള്‍ പിന്തുടരുകയാണെന്നും ഹാംടന്‍ ഇന്റര്‍നാഷനല്‍, ഹമദ് ബിന്‍ ഖാലിദ്‌ ബിന്‍ ഹമദ് (എച്ച്.ബി.എച്ച്), യുനൈറ്റഡ്‌ ക്ലീനിംഗ് എന്നീ കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്നത് എന്നും ആമ്നസ്ടി പറഞ്ഞു. കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും 1,620 തൊഴിലാളികള്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിനു പരാതി നല്‍കുകയും ചെയ്തു. ചിലര്‍ക്ക് ശമ്പളം ലഭിച്ചതായും ബാക്കിയുള്ളവര്‍ ഒന്നും ലഭിക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായെന്നും റിപ്പോര്‍ട്ട്‌ പറയുന്നു

അതേസമയം നിരവധി തൊഴില്‍ പരിഷ്കാരങ്ങള്‍ ഖത്തര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും മറ്റു സംഘടനകളുമായി ചേര്‍ന്ന് ഇത്തരം ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അല്‍ ജസീറയുടെ ചോദ്യത്തിന് മറുപടിയായി ഖത്തര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് പറഞ്ഞു. "ഇക്കാര്യത്തില്‍ ഉണ്ടായ കാലതാമസവും മറ്റു പ്രശ്നങ്ങളും ഞങ്ങള്‍ പരിഹരിക്കും," ഓഫിസ് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ്‌ മാസം 5,000 തൊഴിലാളികള്‍ ശമ്പളം ആവശ്യപ്പെട്ട് ശഹാനിയയില്‍ തെരുവിലിറങ്ങിയിരുന്നു. ഇസ്കാന്‍, തശ്ഗീല്‍ എന്നീ കമ്പനികളിലെ തൊഴിലാളികളാണ് സമാധാനപരമായി സമരം ചെയ്തത്. നാല് മാസമായി ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല കമ്പനികള്‍ വിസ പുതുക്കിയില്ലെന്നും ജോലി മാറാന്‍ അനുവാദം നല്‍കിയില്ലെന്നും ബംഗ്ലാദേശില്‍ നിന്നുള്ള ചില തൊഴിലാളികള്‍ പറഞ്ഞതായിഅല്‍ ജസീറ റിപ്പോര്‍ട്ട്‌ പറഞ്ഞു.

"ഞങ്ങള്‍ ആറു മണിക്കൂര്‍ പ്രതിഷേധിച്ചു. കുടുംബത്തെ നോക്കാനാണ് ഞങ്ങള്‍ ഖത്തറിലേക്ക് വന്നത്. ശമ്പളം ലഭിച്ചില്ലെങ്കില്‍ പിന്നെന്തു കാര്യം," ഒരു തൊഴിലാളി പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്ക് ശേഷം ഗവണ്മെന്റ് അന്വേഷണം നടത്തിയതായും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്മാരെ അറസ്റ്റ് ചെയ്തതായും കമ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു. ഗവണ്മെണ്ടിന്‍റെ ഇടപെടല്‍ മൂലം മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കി. "ഗവണ്മെണ്ട് ഇടപെട്ടതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പക്ഷേ കമ്പനി ശമ്പളം വെട്ടിക്കുറച്ചു. മറ്റു പല പ്രശ്നങ്ങളും ഇനിയും പരിഹരിക്കാനുണ്ട്," ഒരു തൊഴിലാളി അല്‍ ജസീറയോടു പറഞ്ഞു.

മൂന്നു മാസമായി ഓവര്‍ടൈം ലഭിക്കാത്തതിനാല്‍ പ്രതിഷേധം സംഘടിപ്പിച്ചതായി ഏഷ്യന്‍ ടൌണിലെ ഒരു സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു. "ഈ രാജ്യത്ത് നിങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചാല്‍ നാട്ടിലേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുക എന്നതാണര്‍ത്ഥം. വരുന്നതിനു മുമ്പ് എനിക്ക് ഉയര്‍ന്ന ശമ്പളമാണ് അവര്‍ വാഗ്ദാനം ചെയ്തത്. പക്ഷെ ഇവിടെ എത്തിയതിനു ശേഷം പുതിയ കരാര്‍ ഒപ്പിടാന്‍ അവര്‍ നിര്‍ബന്ധിച്ചു. നാട്ടില്‍ വെച്ച് വലിയ ഒരു ലോണ്‍ എടുത്തിരുന്നതിനാല്‍ എനിക്ക് മറ്റു മാര്‍ഗമില്ലായിരുന്നു," സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു.

അല്‍ ജസീറ ഓണ്‍ലൈന്‍ എഡിറ്റര്‍ ഫറസ് ഘനിയാണ് വിശദമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്.

അതേസമയം തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അവകാശങ്ങള്‍ ഉറപ്പുവരുത്താനും ഖത്തര്‍ സ്വീകരിച്ച നിരവധി നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ ഫിഫയുടെതടക്കം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ അല്‍ ജസീറ പ്രസിദ്ധീകരിക്കുക വഴി ഗവണ്മെന്ടിന് ഇക്കാര്യത്തിലുള്ള തുറന്ന നിലപാടാണ് സൂചിപ്പിക്കുന്നത്.

Comments


Page 1 of 0