ആസ്റ്റര്‍ വളണ്ടിയേഴ്സ് ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     September  17, 2019   Tuesday   10:24:49pm

news
ദോഹ: ഏഷ്യയിലേയും ആഫ്രിക്കയിലേയും പ്രമുഖ ചാരിറ്റി കൂട്ടായ്മയായ ആസ്റ്റര്‍ വളണ്ടിയേഴ്സ് ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ.സി.ബി.എഫ്) അസ്സോസിയേറ്റ് ഓര്‍ഗനൈസേഷന്‍ ആയാണ് പ്രവര്‍ത്തനം. ആസ്റ്റര്‍ വളണ്ടിയേഴ്സ് ഖത്തറിന്റെ ഔദ്യോഗിക ഉത്ഘാടനവും ഭാരവാഹികളുടെ സത്യപ്രതിഞ്ജയും ദോഹയില്‍ വെച്ച് നടന്നു.

ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ ഉത്ഘാടനം നിര്‍വഹിച്ചു. ആസ്റ്റര്‍ വളണ്ടിയറിന്റെ ഉപദേശകസമിതി അംഗവും രക്ഷാധികാരിയുമായ ഡോ.സമീര്‍ മൂപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആസ്റ്റര്‍ വളണ്ടിയേഴ്സ് ഗ്ലോബല്‍ ഹെഡ് ഡോ.കൃഷ്ണഭാസ്‌കര്‍ മംഗലശേരി, ഐ.സി.ബി.എഫ് സിക്രട്ടറി അവിനാശ് ഗെയ്ക്വാദ്, മറ്റു ഐ.സി.ബി.എഫ് അംഗങ്ങള്‍, ഇന്ത്യന്‍ മീഡീയാ ഫോറം, ഇന്ത്യന്‍ ഡോക്ടേര്‍സ് ക്ലബ്, യുണീക് തുടങ്ങീ ഖത്തറിലെ ചാരിറ്റി-കലാ-സാംസ്‌കാരിക രംഗങ്ങളിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ആസ്റ്റര്‍ വളണ്ടിയര്‍ അംഗവും ദോഹ ബിര്‍ള പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ നയനേന്ദു ആനന്ദ് പരിപാടിയുടെ കോമ്പെറിങ് നിര്‍വഹിച്ചു.

തുടര്‍ന്ന് ആസ്റ്റര്‍ വളണ്ടിയേഴ്സ് പ്രസിഡന്റ് നിഖില്‍ ജോസഫും മറ്റു ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. പി.എന്‍ ബാബുരാജന്‍, ഡോ.സമീര്‍ മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെജില്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), വിഷ്ണുപ്രസാദ് കെ.എസ് (ജനറല്‍ സിക്രട്ടറി), റീന മേരി രാജി (ജോയിന്റ് സിക്രട്ടറി), അവിനാശ് ഗൗഡ (ഖജാന്‍ജി), ഡോ. മഹേഷ് പട്ടേല്‍, നസീബു റഹ്മാന്‍, മിഥുന്‍ കുമാര്‍, രശ്മി സഞ്ജീവ്, ജോന്‍സി ജോസഫ്, രൂപേഷ് നന്ദന്‍ (എക്‌സിക്കുട്ടീവ് മെമ്പേഴ്സ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

സമൂഹത്തില്‍ സേവനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുക്കിയും സഹായം ആവശ്യമായി വരുന്നവര്‍ക്ക് സേവനം ലഭ്യമാക്കിയും നടത്തുന്ന ആസ്റ്റര്‍ വളണ്ടിയറിന്റെ പ്രവര്‍ത്തങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് ഉത്ഘാടനപ്രസംഗത്തില്‍ പി.എന്‍ ബാബുരാജന്‍ പറഞ്ഞു. ഖത്തറില്‍ ഐ.സി.ബി.എഫ് നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും സഹായങ്ങള്‍ക്കും ആസ്റ്റര്‍ വളണ്ടിയേഴ്സ് മുതല്‍കൂട്ടാവുമെന്നും സ്ഥാനമേല്‍ക്കുന്ന ഭാരവാഹികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തിലധികം രാജ്യങ്ങളില്‍ ഇരുപതിനായിരത്തിലധികം വളണ്ടിയര്‍മാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെ ലക്ഷ്യങ്ങളെയും ഇന്ത്യ, ഫിലിപ്പൈന്‍സ് ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളെകുറിച്ചും ഡോ.കൃഷ്ണഭാസ്‌കര്‍ മംഗലശേരി ആമുഖപ്രസംഗത്തില്‍ വിശദീകരിച്ചു. കേരളത്തിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ച് കൊടുക്കുന്ന ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെ പദ്ധതിയെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

ഒഴിവ് സമയങ്ങള്‍ ലാഭേച്ഛയില്ലാതെ മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്കും സംഘടനകള്‍ക്കും മറ്റു കൂട്ടായ്മകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആസ്റ്റര്‍ വളണ്ടിയറിന്റെ ഭാഗമാകാമെന്ന് ആസ്റ്റര്‍ വളണ്ടിയേഴ്സ് ഖത്തറിന്റെ പ്രസിഡണ്ട് നിഖില്‍ ജോസഫ് പറഞ്ഞു. ഇതിനായി +974 74799321 എന്ന ഒഫീഷ്യല്‍ വാട്‌സ്ആപ്പ് നമ്പറില്‍ മെസ്സേജ് അയക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


Sort by