// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  17, 2019   Tuesday   08:48:19pm

news



whatsapp

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു കൊട്ടാരത്തിന്‍റെ മുകളിലൂടെ പറന്ന ഡ്രോണ്‍ രാജ്യത്ത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ സൗദിയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയ അതേ സമയത്താണ് ഒരു അജ്ഞാത ഡ്രോണ്‍ കുവൈത്ത് നഗരത്തിലൂടെ പറന്നത് എന്ന് കുവൈത്തി പത്രമായ അല്‍ റായി റിപ്പോര്‍ട്ട്‌ ചെയ്തു.

മൂന്നു മീറ്റര്‍ നീളമുള്ള ഡ്രോണ്‍ 250 മീറ്റര്‍വരെ താഴ്ന്നു പറന്നതായും ദാര്‍ സല്‍വ പ്രസിഡന്‍ഷ്യല്‍ പാലസിന്‍റെ ഭാഗത്തേക്ക് നീങ്ങിയതായും പത്രം പറഞ്ഞു. സംഭവം വിലയിരുത്താന്‍ ഇന്ന് കുവൈത്തില്‍ വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയില്‍ സൈനിക മേധാവികളുടെ അടിയന്തിര യോഗം ചേര്‍ന്നു. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം പരിഗണിച്ച് സുരക്ഷ പരമാവധി ശക്തിപ്പെടുത്താനും ഏതു സാഹചര്യവും നേരിടാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഡ്രോണ്‍ എവിടെനിന്ന് വന്നെന്നോ ആര് തൊടുത്തുവിട്ടുവെന്നോ അറിയില്ല. സംഭവത്തില്‍ ജനങ്ങള്‍ക്ക്‌ ആശങ്കയുണ്ടെന്ന് നിരവധി എം,പി മാര്‍ പറഞ്ഞു. മേഖലയിലെ സംഘര്‍ഷത്തിലേക്ക് തങ്ങള്‍ വലിച്ചിഴക്കപ്പെടുമെന്നാണ് കുവൈത്തിന്റെ പേടി. സൗദിയും യൂ.എ.ഇ യും. ഖത്തറും ബില്ല്യന്‍ കണക്കിന് ഡോളറിന്‍റെ ആയുധങ്ങള്‍ വാങ്ങുമ്പോള്‍ വളരെ പിറകിലാണ് കുവൈത്ത്. ഇത് തങ്ങള്‍ക്കുള്ള ഭീഷണി വര്‍ദ്ധിപ്പിക്കുന്നതായി ചിലര്‍ വിലയിരുത്തുന്നു.

ഡ്രോണിനെക്കുറിച്ച് കുവൈത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ഡ്രോണ്‍ മേഖലയിലെ ശാക്തിക ബലാബലത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തി.

Comments


Page 1 of 0