// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  11, 2019   Wednesday   03:48:39pm

news



whatsapp

ദോഹ: രാജ്യത്ത് മത്സ്യ വില നിയന്ത്രിക്കാന്‍ ഗവണ്മെന്റ് സ്വീകരിച്ച നടപടി മൂലം മത്സ്യ വിലയില്‍ 15 ശതമാനം വരെ കുറവുണ്ടായതായി മാര്‍ക്കറ്റ്‌ വൃത്തങ്ങള്‍ അറിയിച്ചു.

പരമാവധി വില നിശ്ചയിച്ചുകൊണ്ട് വാണിജ്യ മന്ത്രാലയം ദിവസവും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് മൂലമാണ് വിലയില്‍ കുറവ് വന്നത്. കച്ചവടക്കാര്‍ അമിതമായ ലാഭം ഈടാക്കുന്നത് തടയാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് മന്ത്രാലയം തിങ്കളാഴ്ച മുതല്‍ വില നിശ്ചയിക്കാന്‍ തുടങ്ങിയത്.

"വില നിശ്ചയിച്ചുകൊണ്ടുള്ള പട്ടിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് മുതല്‍ അതിന്‍റെ മുമ്പുള്ള വിലയേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുവന്നിട്ടുണ്ട്," ഒരു റീട്ടൈല്‍ ഉടമ ദി പെനിന്‍സുല പത്രത്തോട് പറഞ്ഞു. "ഉപഭോക്താക്കള്‍ക്കാണ് ഗവണ്മെന്റ് നടപടിയുടെ പ്രയോജനം ലഭിക്കുക. കച്ചവടക്കാരുടെ ലാഭം ഗണ്യമായി കുറഞ്ഞു," അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ കടലില്‍ പോകാന്‍ ബുദ്ധിമുട്ടുള്ള സമയത്തും അയക്കൂറ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ സമയത്തും ചില കച്ചവടക്കാര്‍ മീന്‍ വില ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. ലഭ്യത കുറവാണെന്ന കാരണമാണ് അവര്‍ പറഞ്ഞിരുന്നത്. ഇതാണ് വില നിയന്ത്രിക്കാന്‍ ഗവണ്മെന്റിനെ പ്രേരിപ്പിച്ചത്.

അറബിയിലും ഇംഗ്ലീഷിലുമാണ് മന്ത്രാലയം വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ 30 ഇനം മത്സ്യങ്ങളുടെ വില നിശ്ചയിച്ചിരുന്നു. മത്സ്യം ക്ലീന്‍ ചെയ്യാനുള്ള വിലയും നിജപ്പെടുത്തിയിട്ടുണ്ട്. ഒരു റിയാല്‍ ആണ് ഒരു കിലോ ക്ലീന്‍ ചെയ്യാനുള്ള ചാര്‍ജ്. ചെമ്മീന്‍ ആണെങ്കില്‍ കിലോക്ക് രണ്ടു രൂപയും.

എല്ലാ ദിവസവും വില നിശ്ചയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ലേലത്തിന് ശേഷമാണ് വില നിശ്ചയിക്കുക. കച്ചവടക്കാര്‍ വില വര്‍ധിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

Comments


Page 1 of 0