ഹമദ് പോര്‍ട്ട്‌ ഗിന്നസ്ബുക്കില്‍ ഇടം നേടി

ഈയുഗം ന്യൂസ് ബ്യൂറോ     September  09, 2019   Monday   07:39:42pm

news
ദോഹ: ഉപരോധത്തിന് ശേഷം ഖത്തറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകങ്ങളിലൊന്നായ ഹമദ് തുറമുഖത്തിന് അന്താരാഷ്ട്ര ബഹുമതി. ലോകത്തിലെ ഏറ്റവും ആഴമേറിയ തുറമുഖം നിര്‍മിച്ചതിന് ഹമദ് പോര്‍ട്ട്‌ ഗിന്നസ്ബുക്കില്‍ ഇടം നേടി.

ഇന്ന് ദോഹയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് ഗിന്നസ്ബുക്ക് പ്രതിനിധി ഖത്തര്‍ ഗതാഗത-വാര്‍ത്താവിനിമയ മന്ത്രിയായ ജാസിം സൈഫ് അഹ്മദ് അല്‍ സുലൈത്തിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.

ഏറ്റവും ആഴമേറിയ ബേസിന്‍ നിര്‍മിച്ചതിനാണ് ഹമദ് പോര്‍ട്ടിനു ബഹുമതി ലഭിച്ചത്. നാല് കിലോമീറ്റര്‍ നീളവും 700 മീറ്റര്‍ വീതിയും 17 മീറ്റര്‍ ആഴമുള്ളതുമാണ് ബേസിന്‍. രണ്ടര വര്‍ഷം നീണ്ടുനിന്ന ഇതിന്‍റെ നിര്‍മാണത്തിന് 6,900 ടണ്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു. ഇതില്‍ നിന്നും പുറത്തെടുത്ത 44.5 മില്ല്യന്‍ ക്യുബിക് മീറ്റര്‍ മണ്ണ് മറ്റു നിര്‍മാണ സ്ഥലങ്ങളില്‍ ഉപയോഗിച്ച് ഭീമമായ സംഖ്യ ലാഭിച്ചു.

മറ്റു അവാര്‍ഡുകളും ഹമദ് പോര്‍ട്ട്‌ നേടിയിട്ടുണ്ട്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹമദ് പോര്‍ട്ട്‌ നിര്‍മിച്ചിട്ടുള്ളത്. "ലോക നിലവാരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള ഖത്തറിന്റെ കഴിവാണ് ഈ അവാര്‍ഡ്‌ സൂചിപ്പിക്കുന്നത്," ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ജാസിം സൈഫ് അഹ്മദ് അല്‍ സുലൈത്തി പറഞ്ഞു.


  

Sort by