അടുത്ത നാല് മാസത്തിനുള്ളില്‍ ഖത്തറില്‍ 20 അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സരങ്ങള്‍

ഈയുഗം ന്യൂസ് ബ്യൂറോ     September  08, 2019   Sunday   08:10:32pm

news
ദോഹ: അടുത്ത നാല് മാസത്തിനുള്ളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്നത് ഇരുപതിലധികം സുപ്രധാന അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സരങ്ങള്‍. ലോകത്തിലെ നിരവധി പ്രമുഖ കായിക താരങ്ങളും ആരാധകരും അടക്കം ആയിരക്കണക്കിന് ആളുകള്‍ അടുത്ത നാല് മാസത്തിനുള്ളില്‍ ഖത്തറില്‍ എത്തുമെന്ന് സ്പോര്‍ട്സ് മേഖലയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പ്‌ ആണ്. ഫുട്ബോള്‍ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ലോകത്തിലെ നിരവധി മുന്‍നിര കളിക്കാര്‍ ഖത്തറിലെത്തും. ഡിസംബര്‍ 11 മുതല്‍ 21 വരെയാണ് മത്സരങ്ങള്‍ നടക്കുക.

ഐ.എ.എ.എഫ് ലോക അത്ലടിക്സ് ചാമ്പ്യന്‍ഷിപ്പാണ് മറ്റൊരു മത്സരം. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറു വരെ നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അത്ലെറ്റുകളും കോച്ചുമാരുമടക്കം 3,500 ലധികം പേര്‍ ദോഹയിലെത്തും.

ഇതിനുപുറമെ ഖത്തര്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് അടക്കം നിരവധി ടെന്നീസ് മത്സരങ്ങള്‍, ബീച്ച് വോളിബോള്‍, ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്, ഫിന സ്വിമ്മിംഗ് വേള്‍ഡ് കപ്പ്‌, ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ മത്സരങ്ങളും ഖത്തറില്‍ നടക്കും.

വരാനിരിക്കുന്ന മത്സരങ്ങള്‍ ടൂറിസം മേഖലക്കും പ്രത്യേകിച്ച് ഹോട്ടല്‍ സെക്ടറിനും ഉണര്‍വ് നല്‍കും.


Sort by