ഖത്തര്‍ ലോകത്തിന് നല്‍കിയത് വിസ്മയിപ്പിക്കുന്ന ലോഗോ

ഈയുഗം ന്യൂസ് ബ്യൂറോ     September  04, 2019   Wednesday   07:02:50pm

news

ന്യൂ യോര്‍ക്കിലെ ടൈംസ്‌ സ്ക്വയറില്‍ പ്രദര്‍ശിപ്പിച്ച ഖത്തര്‍ വേള്‍ഡ് കപ്പ്‌ ലോഗോ.
ദോഹ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഖത്തര്‍ ലോകത്തിന് സമ്മാനിച്ചത്‌ വിസ്മയിപ്പിക്കുന്ന ലോഗോ. ഇന്നലെ രാത്രി കൃത്യം 8.22 (20:22) ന് വിവിധ രാജ്യങ്ങളില്‍ ഒരേ സമയം പ്രകാശനം ചെയ്യപ്പെട്ട 2022 ലോക കപ്പ് ലോഗോ ഖത്തറിന്റെ മഹത്വവും പാരമ്പര്യവും അറബ് ലോകത്തിന്‍റെ ഫുട്ബാള്‍ ആവേശവും സമന്വയിപ്പിക്കുന്നതാണ് എന്ന് ഫുട്ബോള്‍ ആരാധകരും ലോക മാധ്യമങ്ങളും അഭിപ്രായപ്പെട്ടു.

അഭൂതപൂര്‍വമായ ആശംസാ പ്രവാഹമാണ് സമൂഹ മാധ്യമങ്ങള്‍ ഇന്നലെയും ഇന്നുമായി സാക്ഷ്യം വഹിച്ചത്.

ലോഗോ പ്രകാശനം മണിക്കൂറുകളോളം രാജ്യത്തും മേഖലയിലും സമൂഹ മാധ്യമങ്ങളില്‍ ട്രെണ്ടിംഗ് ആയിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ആയിരക്കണക്കിനു ആളുകള്‍ വാട്ട്സ് അപ്പിലും ഫേസ്ബുക്കിലും ഇന്സ്ടഗ്രാമ്മിലും പ്രൊഫൈല്‍ ചിത്രമായി പുതിയ ലോഗോ ഉപയോഗിച്ചു.

ലോഗോയുടെ സവിശേഷതകള്‍ വിവരിക്കുന്ന ഇന്‍ഫോ ഗ്രാഫിക്സ് ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റുകളില്‍ ഒന്നാണ്. ഖത്തറില്‍ ഏഴ് സ്ഥലങ്ങളിലാണ് ലോഗോ പ്രകാശനം തത്സമയം കാണാന്‍ സൌകര്യമൊരുക്കിയത് . കതാറയിലും സൂക് വാഖിഫിലും ആയിരക്കണക്കിനു ആളുകള്‍ ഹര്‍ഷാരവങ്ങളോടെ ലോഗോ സ്വീകരിച്ചു.

ന്യൂ യോര്‍ക്കിലെ ടൈംസ്‌ സ്ക്വയറിലും മാഡ്രിഡിലും അര്‍ജന്റീനയിലെ ബൂണോസ് ഐറിസ്സിലും ബാഗ്ദാദിലും ബൈരൂത്തിലും അമാനിലും മൊറോക്കോയിലുമെല്ലാം ലോഗോ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഖത്തറിലെ വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ സുപ്രീം കമ്മിറ്റിയെ പ്രശംസിച്ചു. "ലോഗോ പ്രകാശനം ചെയ്യാന്‍ ലോകത്ത് തെരഞ്ഞെടുത്ത ഇരുപത് സ്ഥലങ്ങളില്‍ മുംബൈയിലെ ഒരു പ്രമുഖ കെട്ടിടവും ഉള്‍പ്പെടുന്നു എന്ന കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഖത്തറിന് എല്ലാ ആശംസകളും നേരുന്നു," ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ പറഞ്ഞു.

ലോക കപ്പ് എംബ്ലം ഇനി ലോക ഫുട്ബോള്‍ ചരിത്രത്തിന്‍റെ ഭാഗമാകും. 2022 ന് ശേഷവും ജനങ്ങളുടെ മനസ്സില്‍ എംബ്ലം ജീവിക്കും.


   super

Sort by