ഇറാന്‍ എണ്ണക്കപ്പലിലെ ഇന്ത്യന്‍ ക്യാപ്റ്റനെ ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     August  31, 2019   Saturday   01:07:02pm

news
ദോഹ: ജിബ്രാള്‍ടാര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത് പിന്നീട് വിട്ടയച്ച ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വണ്ണിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായും കപ്പലിലെ ഇന്ത്യന്‍ ക്യാപ്റ്റനെ അന്താരാഷ്ട്ര ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഈ മാസം മധ്യത്തില്‍ ജിബ്രാള്‍ടാര്‍ വിട്ടയച്ച കപ്പലിലെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ കുമാര്‍ അഖിലേഷ് ആണ്. അമേരിക്ക ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ച ഇറാന്‍ റിവല്യൂഷനറി ഗാര്‍ഡ്സിനെ സഹായിച്ചു എന്നതാണ് കുമാറിന് മേല്‍ ചുമത്തിയ കുറ്റം.

"അഖിലേഷ് ഇപ്പോള്‍ (ഭീകരവാദം) ആരോപിക്കപ്പെട്ട വ്യക്തിയാണ്. ഇതിന്‍റെ ശക്തമായ വിപരീത ഫലങ്ങള്‍ അദ്ദേഹം അനുഭവിക്കേണ്ടി വരും. ഇറാനെ പിന്തുണക്കുന്നവരെല്ലാം ഇതൊരു മുന്നറിയിപ്പായി സ്വീകരിക്കണം," അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്റ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഒരു മാസത്തിലധികം തടഞ്ഞുവെച്ചതിനു ശേഷം ഓഗസ്റ്റ്‌ 18 നാണ് ജിബ്രാള്‍ടാര്‍ ഇറാന്‍ കപ്പലിനെ വിട്ടയച്ചത്. പ്രതികാരമായി ഒരു ബ്രിട്ടീഷ്‌ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു.

21 ലക്ഷം ബാരല്‍ എണ്ണ വഹിക്കുന്ന കപ്പല്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമല്ല. ഏറ്റവും അവസാനമായി ലെബനന്‍ ലക്ഷ്യമാക്കിയാണ് കപ്പല്‍ നീങ്ങുന്നത്‌ എന്ന് തുര്‍ക്കി അവകാശപ്പെട്ടെങ്കിലും ലെബനന്‍ ഇക്കാര്യം നിഷേധിച്ചു.


Sort by