നൂറുകണക്കിന് പാകിസ്ഥാനി ഡോക്ടര്‍മാര്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടു

ഈയുഗം ന്യൂസ് ബ്യൂറോ     August  13, 2019   Tuesday   05:47:28pm

news
ലാഹോര്‍: പാകിസ്ഥാനിലെ മെഡിക്കല്‍ കോളേജുകള്‍ നല്‍കുന്ന എം.ഡി, എം. എസ് ഡിഗ്രികള്‍ക്കുള്ള അംഗീകാരം ചില ഗള്‍ഫ്‌ രാജ്യങ്ങള്‍ പിന്‍വലിച്ചതായും ഇതിന്‍റെ ഫലമായി സൗദിയിലുള്ള നൂറുകണക്കിന് പാകിസ്ഥാന്‍ ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും പ്രമുഖ പാകിസ്ഥാനി ഇംഗ്ലീഷ് ദിനപ്പത്രമായ ദി ഡോണ്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ജോലി നഷ്ടപ്പെട്ട ഡോക്ടര്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ തിരിച്ചയക്കുമെന്നും സൗദി അധികൃതര്‍ അറിയിച്ചതായും പത്രം പറഞ്ഞു. സൌദിക്ക് പുറമേ ഖത്തര്‍, യൂ.എ.ഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ്‌ രാജ്യങ്ങളും സമാന നടപടികള്‍ സ്വീകരിച്ചതായി ദി ഡോണ്‍ പറഞ്ഞു. എം.ബി.ബി.എസ്സിന് ശേഷമുള്ള ഉന്നത ബിരുദമാണ് എം.ഡി.

അത്യാവശ്യ ഘടനയോടെയുള്ള പരിശീലന പദ്ധതിഇത്തരം കോഴ്കസുകക്ക് പാകിസ്ഥാനില്‍ നല്‍കുന്നില്ല എന്നതാണ് അംഗീകാരം പിന്‍വലിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം നല്‍കിയ കാരണം. സൗദിയില്‍ ജോലി നഷ്ടപ്പെട്ട മിക്ക ഡോക്ടര്‍മാരും 2016 ല്‍ നിയമിക്കപ്പെട്ടവരാണ്. കറാച്ചി, ലാഹോര്‍, ഇസ്ലാമബാദ് എന്നീ നഗരങ്ങളില്‍ നിന്നാണ് ഇവരെ നിയമിച്ചത് എന്നത് പാകിസ്ഥാനിലെ മൊത്തം മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തക്കുറിച്ചുള്ള സംശയങ്ങളുയര്‍ത്തുന്നു.

ഇന്ത്യ, ഈജിപ്ത്, സുഡാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഡിഗ്രികള്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇപ്പോഴും അംഗീകാരമുണ്ടെന്നിരിക്കെ പാകിസ്ഥാനി ഡോക്ടര്‍മാരുടെ അംഗീകാരം റദ്ദാക്കിയത് തങ്ങള്‍ക്ക് അപമാനം ഉണ്ടാക്കിയതായി ജോലി നഷ്ടപ്പെട്ട ഒരു ഡോക്ടര്‍ പത്രത്തോട് പറഞ്ഞു.

"ലാഹോറിലെ യൂനിവേര്സിടി ഓഫ് ഹെല്‍ത്ത്‌ സയന്‍സസില്‍ നിന്ന് അഞ്ചു വര്‍ഷത്തെ പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഡിഗ്രി പൂര്‍ത്തിയാക്കിയതാണ് ഞാന്‍. ലാഹോര്‍ ജനറല്‍ ഹോസ്പിറ്റലില്‍ നിന്നും പരിശീലനവും പൂര്‍ത്തിയാക്കി. പക്ഷെ പെട്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം എന്നെ പിരിച്ചുവിട്ടു. ഞാനും എന്‍റെ കുടുംബവും ഇപ്പോഴും ഞെട്ടലിലാണ്," ഡോക്ടര്‍ അലി ഉസ്മാന്‍ പറഞ്ഞു.

നൂറു കണക്കിന് ഡോക്ടര്‍മാരുടെ ജോലി മാത്രമല്ല വിലപ്പെട്ട വിദേശനാണ്യവും പാകിസ്ഥാന് നഷ്ടപ്പെടും. ഗള്‍ഫ്‌ രാജ്യങ്ങള്‍ മാത്രമല്ല നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പാകിസ്ഥാനിലെ എം.ഡി, എം. എസ് ഡിഗ്രികളുടെ ഗുണനിലവാരത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മറ്റൊരു പാകിസ്ഥാന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.


Sort by