ഡബ്ല്യൂ.ടി.ഓ: ഖത്തറിനെതിരെ ഫയല്‍ ചെയ്ത കേസ് യൂ.എ.ഇ പിന്‍വലിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     August  10, 2019   Saturday   01:15:42pm

news
ദോഹ: ഖത്തറിനെതിരെ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യൂ.ടി.ഓ) ഫയല്‍ ചെയ്ത കേസ് യൂ.എ.ഇ പിന്‍വലിച്ചതായി ഖത്തര്‍ അറിയിച്ചു.

ഖത്തറിനെതിരെ ഫയല്‍ ചെയ്ത കേസ് അടിസ്ഥാനരഹിതമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നുമുള്ള തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കേസ് പിന്‍വലിക്കുന്ന തീരുമാനം യൂ.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. അതേസമയം ഖത്തറുമായുള്ള വ്യാപാര ബന്ധം മുറിച്ചതടക്കമുള്ള യൂ.എ.ഇ തീരുമാനത്തിനെതിരേ ഫയല്‍ ചെയ്ത കേസുമായി ഖത്തര്‍ മുമ്പോട്ട്‌ പോകുമെന്നും നീതി നടപ്പിലാകും വരെ നിയമ പോരാട്ടം തുടരുമെന്നും ഖത്തര്‍ അറിയിച്ചു.

യൂ.എ.ഇ യുടെ പിന്മാറ്റം ഖത്തറിന്റെ നിലപാടിനെ കൂടുതല്‍ ശക്തിപ്പെടുത്തും. "ഖത്തറിനെതിരെ നല്‍കാന്‍ യൂ.എ.ഇ യുടെ പക്കല്‍ എന്തെങ്കിലും വാദങ്ങളോ തെളിവോ ഇല്ല. അതുകൊണ്ടാണ് ലോക വ്യാപാര സംഘടന വിധി പ്രസ്താവിക്കുന്നതിന്റെ മുമ്പ് യൂ.എ.ഇ പരാതി പിന്‍വലിച്ചത്," ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഡബ്ല്യൂ.ടി.ഓ വിധി അനുകൂലമാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ.

തങ്ങള്‍ക്കെതിരെ ഖത്തറും വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു യൂ.എ.ഇ യുടെ പരാതി. ഈ വാദം കളവാണെന്നും യൂ.എ.ഇ ലേക്ക് ഖത്തര്‍ ഇപ്പോഴും ഗ്യാസ് കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഖത്തര്‍ വാദിച്ചു. യൂ.എ.ഇ യുടെ ഉത്പന്നങ്ങള്‍ ഖത്തറിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കാത്തതിനുള്ള കാരണം യൂ.എ.ഇ തന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ്. ഇത് യൂ.എ.ഇ യിലെ കമ്പനികളെയാണ് ബാധിച്ചത്, ഖത്തര്‍ വാദിച്ചു.


Sort by