ദോഹ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ഉയിഗോര്‍ മുസ്ലിമിന് അമേരിക്കയില്‍ അഭയം

ഈയുഗം ന്യൂസ് ബ്യൂറോ     August  07, 2019   Wednesday   03:39:40pm

news

അബ്ലികിം യൂസുഫ്
ദോഹ: ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ചൈനയിലേക്ക് വിമാനം കയറാന്‍ വിസമ്മതിച്ച ചൈനയിലെ ഉയിഗോര്‍ മുസ്ലിം പൗരന് അവസാനം അമേരിക്കയില്‍ അഭയം.

ചൈനീസ് ഗവണ്മെന്റ് ബലമായി ചൈനയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ച അബ്ലികിം യൂസുഫ് ഓഗസ്റ്റ്‌ മൂന്നു മുതല്‍ ദോഹ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അന്നേ ദിവസം രാവിലെ ബോസ്നിയയില്‍ നിന്നും ദോഹയില്‍ എത്തിയതായിരുന്നു യൂസുഫ്.

ചൈനയിലേക്കുള്ള വിമാനം കയറാന്‍ വിസമ്മതിച്ച യൂസുഫ് തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ വൈറല്‍ ആയി. ഞാന്‍ ഒരു ഉയിഗോര്‍ മുസ്ലിമാണെന്നും ചൈനയില്‍ നിന്നും രക്ഷപ്പെട്ടതാണെന്നും തിരിച്ചുപോയാല്‍ പീഡിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. "ഇപ്പോള്‍ ഞാന്‍ ദോഹ എയര്‍പോര്‍ട്ടിലാണ്. അവര്‍ എന്നെ കൊണ്ടുപോവുകയാണ്‌. ലോകത്തിന്‍റെ സഹായം എനിക്കുവേണം," യൂസുഫ് പറഞ്ഞു. "ചൈനയിലേക്ക് കൊണ്ടുപോയാല്‍ എന്‍റെ മതവിശ്വാസം കാരണം അവര്‍ എന്നെ ജയിലിലടക്കും."

സമൂഹ മാധ്യമങ്ങളില്‍ അഭ്യര്‍ത്ഥന വൈറല്‍ ആയതോടെ അമേരിക്ക അദ്ദേഹത്തിന് താല്‍ക്കാലിക വിസ നല്‍കി.

ദോഹയില്‍ നിന്നും വാഷിംഗ്‌ടനിലേക്കുള്ള ഖത്തര്‍ എയര്‍വേസ്‌ വിമാനത്തില്‍ യൂസുഫ് ഇന്നലെ (ചൊവ്വാഴ്ച) കയറുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

ചൈനയിലെ ക്സിഞ്ചിയാന്‍ പ്രദേശത്ത് ലക്ഷക്കണക്കിന് ഉയിഗോര്‍ മുസ്ലിംകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ചൈന. അവരോടുള്ള ചൈനീസ്‌ ഗവണ്മെന്റിന്റെ ക്രൂരത ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

ദോഹ എയര്‍പോര്‍ട്ട് അധികാരികളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് യൂസുഫിന് അമേരിക്കയില്‍ അഭയം തേടാന്‍ സാധിച്ചത്. യൂസുഫിന്റെ വീഡിയോ വൈറല്‍ ആയതോടെ അമേരിക്കയിലുള്ള ഉയിഗോര്‍ ഗ്രൂപ്പുകള്‍ വാഷിംഗ്‌ടനില്‍ പ്രതിഷേധ പ്രകടനം നടത്തി. അങ്ങിനെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സഹായം നല്‍കാന്‍ തീരുമാനിച്ചു.


Sort by