അക്കൗണ്ടില്‍ പണമില്ലാതെ ചെക്കുകള്‍ മടങ്ങിയാല്‍ ഇനി കടുത്ത ശിക്ഷ

ഈയുഗം ന്യൂസ് ബ്യൂറോ     August  05, 2019   Monday   08:10:21pm

news
ദോഹ: അക്കൗണ്ടില്‍ പണമില്ലാത്തതിന്റെ പേരില്‍ ചെക്കുകള്‍ മടങ്ങിയാല്‍ ഇനി കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

ആദ്യ നടപടിയായി ചെക്കുകള്‍ മടങ്ങിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഒരു വര്‍ഷത്തേക്ക് ചെക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. അവരുടെ ചെക്ക് ബുക്കുകള്‍ പിന്‍വലിക്കും. മടങ്ങിയ ചെക്കുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നില്‍ കൂടുതല്‍ വര്‍ഷവും പുതിയ ചെക്കുകള്‍ നല്‍കില്ല. മാത്രമല്ല ശിക്ഷിക്കപ്പെട്ട വ്യക്തി ചെക്കിലുള്ള തുക മാത്രമല്ല അത് നല്‍കിയ വ്യക്തിക്ക് വന്ന ചിലവുകളും നല്‍കേണ്ടി വരും.

വര്‍ധിച്ചുവരുന്ന ചെക്ക് കേസുകള്‍ കുറയ്ക്കാനാണ് ഈ തീരുമാനം.

അക്കൗണ്ടില്‍ പണമില്ലാഞ്ഞിട്ടും തുടര്‍ച്ചയായി ചെക്കുകള്‍ ഇഷ്യൂ ചെയ്യുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

2004 ലെ പീനല്‍ കോഡ്‌ നമ്പര്‍ 11 പ്രകാരം അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയാല്‍ മൂന്നു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 3,000 റിയാലില്‍ കുറയാത്ത പിഴയും ലഭിക്കും.

കഴിഞ്ഞ വര്ഷം മാത്രം ചെക്കുകള്‍ മടങ്ങിയതിന്റെ പേരില്‍ 37,130 കേസുകളാണ് കോടതിയില്‍ എത്തിയത്. ഇതില്‍ 34,882 കേസുകള്‍ തീര്‍പ്പാക്കി.


  

Sort by