മേഖലയെ മുള്‍മുനയില്‍ നിര്‍ത്തി ഇറാന്‍ വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്തു

ഈയുഗം ന്യൂസ് ബ്യൂറോ     August  04, 2019   Sunday   07:59:52pm

news
ദോഹ: ഒരു ബ്രിട്ടീഷ്‌ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത് മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെടും മുമ്പേ മറ്റൊരു വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത ഇറാന്‍റെ നടപടി മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു.

അറബ് രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി എണ്ണ കടത്തുകയാണ് എന്നാരോപിച്ചാണ് കപ്പലും അതിലെ ഏഴു ജീവനക്കാരെയും ഇറാന്‍ റിവല്യൂഷനറി ഗാര്‍ഡുകള്‍ തടഞ്ഞു വെച്ചത്. വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്ത ഇറാന്‍ ടി.വി പക്ഷെ കപ്പല്‍ ഏതു രാജ്യത്തിന്‍റെതാണെന്നോ ജീവനക്കാര്‍ ഏതു രാജ്യക്കാരാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.

"ചില അറബ് രാജ്യങ്ങളിലേക്ക് എണ്ണ കടത്തുകയായിരുന്ന ഒരു വിദേശ എണ്ണ കപ്പല്‍ റിവല്യൂഷനറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തു. 700,000 ലിറ്റര്‍ എണ്ണയാണ് കപ്പലില്‍ ഉണ്ടായിരുന്നത്," ഇറാന്‍ ടി.വി പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ കപ്പലാണ് ഇറാന്‍ പിടിച്ചെടുക്കുന്നത്. ജൂലൈ 18 ന് ഒരു പനാമ കപ്പലും പിറ്റേ ദിവസം ഒരു ബ്രിട്ടീഷ്‌ കപ്പലും ഇറാന്‍ പിടിച്ചെടുത്തിരുന്നു.

ഇറാന്‍റെ നടപടി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ പ്രയാസകരമാക്കും.


Sort by