ഇറാനെതിരായ ശക്തമായ നിലപാടില്‍ നിന്നും യൂ.എ.ഇ പിന്മാറുന്നു

ഈയുഗം ന്യൂസ് ബ്യൂറോ     August  03, 2019   Saturday   07:45:43pm

news
അബുദാബി: ഇറാനുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാക്കുന്ന നയങ്ങളില്‍ നിന്നും യൂ.എ.ഇ പിന്മാറുന്നതായി സൂചന. ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്കയുടെ മേല്‍ സമ്മര്‍ദം ചെലുത്തുമ്പോഴും ഇയ്യിടെ മേഖലയില്‍ ഉണ്ടായ ചില സംഭവവികാസങ്ങള്‍ അബുദാബിയെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

മേഖലില്‍ സംഘര്‍ഷം കുറക്കാന്‍ യൂ.എ.ഇ യുടെ പുതിയ നിലപാട് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടു കാര്യങ്ങളാണ് യൂ.എ.ഇ യുടെ പുനര്‍വിചിന്തനത്തിനു കാരണമായി പറയുന്നത്. ഒന്ന്, ഇറാനെ ഒതുക്കാന്‍ സാധ്യമല്ല എന്ന തിരിച്ചറിവ്. ഒറ്റപ്പെടുത്തിയാല്‍ കീഴടങ്ങുന്നതിന് പകരം ഇറാന്‍ ശക്തമായി തിരിച്ചടിക്കുന്നു. രണ്ടാമതായി, എപ്പോഴും നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ്‌ ട്രംപിനെ വിശ്വസിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ്. അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചു വീഴ്ത്തിയപ്പോഴും യൂ.എ.ഇ യുടെ എണ്ണകപ്പലുകള്‍ ആക്രമിക്കപ്പെട്ടപ്പോഴും ട്രംപ് സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന്റെ ശക്തിയെയല്ല മറിച്ച് ദൌര്‍ബല്യത്തെയാണ്‌ സൂചിപ്പിക്കുന്നത് എന്ന് അബുദാബി കണക്കുകൂട്ടുന്നു.

ഒരു യുദ്ധമുണ്ടായാല്‍ അതിന്‍റെ പ്രത്യാഘാതം കൂടുതല്‍ അനുഭവിക്കേണ്ടിവരിക തങ്ങളായിരിക്കും എന്ന കാര്യവും യൂ.എ.ഇ മനസ്സിലാക്കുന്നു എന്ന് മിഡില്‍ ഈസ്റ്റ്‌ ഐ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു. നിരവധി വര്‍ഷങ്ങളായി യൂ-എ.ഇ നേടിയെടുത്ത നേട്ടങ്ങള്‍ ഒരു യുദ്ധം ഇല്ലാതാക്കും. പല വിഷയങ്ങളിലുമുള്ള ട്രംപിന്റെ ചാഞ്ചാട്ടം കൂടുതല്‍ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

ഫുജൈറയില്‍ എണ്ണകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തിയപ്പോള്‍ ഇറാനെ പേരെടുത്തു പറഞ്ഞ് യൂ.എ.ഇ കുറ്റപ്പെടുത്താതിരുന്നത് ഈ നിലപാട് മാറ്റത്തിന്റെ സൂചനയാണ്. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുക എന്ന നിലപാടാണ് ഇപ്പോള്‍ അബുദാബി സ്വീകരിച്ചിരിക്കുന്നത്.

ജൂണിന് ശേഷം യൂ.എ.ഇ യില്‍ നിന്നും ഒരു ഉന്നതതല സംഘം ഇറാന്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. "ഞങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല," ഇതാണ് അവര്‍ നല്‍കിയ സന്ദേശം.

മാത്രമല്ല ഇറാന്‍ വിഷയത്തില്‍ മൃദുസമീപനമാണ് ദുബായ്ക്കുള്ളത്. ദുബൈയുടെ മുഖ്യ വ്യാപാര പങ്കാളിയാണ് ഇറാന്‍.


Sort by