ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമെന്ന് അമീര്‍

ഈയുഗം ന്യൂസ് ബ്യൂറോ     July  09, 2019   Tuesday   04:11:57pm

news
ദോഹ: ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം സുശക്തമാണെന്നും ഭാവിയില്‍ ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ അമീറിന് വേണ്ടി വൈറ്റ് ഹൗസില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷെയ്ഖ്‌ തമീം.

അമീറിനെ അനുഗമിച്ച വിദേശകാര്യ മന്ത്രി അടക്കമുള്ള ഔദ്യോഗിക സംഘത്തിന് പുറമേ പ്രസിഡന്റ്‌ ഡോണല്‍ഡ്‌ ട്രുംപും അമേരിക്കന്‍ മന്ത്രിമാരും ട്രംപിന്റെ മകള്‍ ഇവങ്ക ട്രംപും മരുമകന്‍ ജരെദ് കുശ്നെറും വിരുന്നില്‍ പങ്കെടുത്തു.

"ഭീകരവാദം ഇല്ലാതാക്കാന്‍ ഖത്തറും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രതിരോധ മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയ മേഖലയിലുമുണ്ട്. ഇത് മേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയും സാമ്പത്തിക പുരോഗതിക്കു സഹായിക്കുകയും ചെയ്യുന്നു," അമീര്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഞങ്ങളുടെ മേഖലയില്‍ ഞങ്ങളുടെ ഈ വിശ്വാസവുമായി യോജിക്കാത്തവരുണ്ട്. ഇന്നത്തെ ലോകത്ത് സഖ്യങ്ങള്‍ അത്യാവശ്യമാണ്. പക്ഷേ ചില സഖ്യ രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ സുഹൃത്തുക്കളല്ല, അമീര്‍ പറഞ്ഞു.

ഈ വര്‍ഷം ഖത്തറും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണം 185 ബില്ല്യന്‍ ഡോളര്‍ ആണ്. അമേരിക്കയില്‍ അഞ്ചു ലക്ഷത്തിലധികം തൊഴിലുകള്‍ ഇത് സൃഷ്ടിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ട്രംപ് പ്രശംസിച്ചു. "തമീം, താങ്കള്‍ വളരെക്കാലമായി എന്‍റെ സുഹൃത്താണ്. താങ്കള്‍ അമേരിക്കയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു -- നിങ്ങള്‍ വാങ്ങുന്ന വിമാനങ്ങളും മറ്റും. ഞാനത്‌ ജോലിയായിട്ടാണ് കാണുന്നത്. അമേരിക്കക്കാര്‍ക്കുള്ള ജോലി," ട്രംപ് പറഞ്ഞു.


Sort by