ഇറാനെ പേടിച്ച് ബ്രിട്ടീഷ്‌ എണ്ണക്കപ്പല്‍ സൗദിയില്‍ കുടുങ്ങി

ഈയുഗം ന്യൂസ് ബ്യൂറോ     July  08, 2019   Monday   03:36:46pm

news
ദോഹ: ഇറാന്‍ പിടിച്ചെടുക്കുമെന്ന് ഭയന്ന് ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ സൗദി തുറമുഖം വിട്ടുപോവാന്‍ വിസമ്മതിക്കുന്നതായി അന്താരാഷ്ട്ര ന്യൂസ്‌ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്‌ ചെയ്തു.

ബ്രിട്ടീഷ്‌ പെട്രോളിയം കമ്പനിയുടെ കപ്പലായ ബ്രിട്ടീഷ്‌ ഹേരിടാജ് ആണ് സൗദി കടലില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരു മില്ല്യന്‍ ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍ ഇറാഖിലെ ബസ്രയിലേക്ക് പോകുംവഴി ജൂലൈ ആറിനു പെട്ടെന്ന് തിരിച്ചുവിട്ട് സൌദിയിലെത്തി. കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുമെന്ന് ഭയന്നാണ് നടപടിയെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ബ്ലൂംബെര്‍ഗ് ന്യൂസ്‌ ഏജന്‍സിയോട് പറഞ്ഞു.

ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍റെ എണ്ണക്കപ്പല്‍ ഉടന്‍ തിരിച്ചുനല്കിയില്ലെങ്കില്‍ ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുകയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത് എന്ന് ബ്രിട്ടന്‍ അവകാശപ്പെട്ടപ്പോള്‍ അമേരിക്കയുടെ നിര്‍ദേശപ്രകാരം നിയമവിരുദ്ധമായാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

"ഇറാന്‍റെ എണ്ണക്കപ്പല്‍ തിരികെനല്കിയില്ലെങ്കില്‍ ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്," ആയത്തൊള്ള ഖമെനിയുടെ ഉപദേശകസമിതിയിലെ അംഗമായ മോഹ്സന്‍ റീസായി ട്വീറ്റ് ചെയ്തു. ബ്രിട്ടണ്‍ പിടിച്ചെടുത്ത കപ്പലിനും എണ്ണക്കും 200 മില്ല്യന്‍ ഡോളര്‍ വിലവരും

ബ്രിട്ടീഷ്‌ പതാകയുള്ള കപ്പല്‍ ഇറാഖിലെ ബസ്രയില്‍ നിന്നും എണ്ണ എടുത്ത് യൂറോപ്പിലേക്ക് യാത്ര തിരിക്കാനായിരുന്നു പ്ലാന്‍. എണ്ണ കമ്പനിയായ റോയല്‍ ഡച്ച് ഷെല്‍ ആണ് കപ്പല്‍ വാടകക്കെടുത്തത്. പക്ഷെ കപ്പലിന് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകണം. ഇറാന്‍ തീരത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന് എളുപ്പമാണ്.

ഹോര്‍മുസ് വഴിയാണ് ഗള്‍ഫില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള എണ്ണ കപ്പലുകള്‍ കടന്നുപോകുന്നത്. യുദ്ധമുണ്ടായാല്‍ ഈ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുമെന്നാണ് ഇറാന്‍റെ ഭീഷണി.


   അങ്ങിനെ വേണം കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് വെറുതെ ചൊറിയാൻ വരുന്നവരൊക്കെ മനസിലാക്കികൊള്ളട്ടെ

   പേടിത്തൊണ്ടന്മാർ

Sort by